ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി 2,56,399 തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പമ്പ 49,256, നീലിമല 10,221, അപ്പാച്ചിമേട് 12,476, സന്നിധാനം 99,607, ചരല്‍മേട് 19,593, നിലയ്ക്കല്‍ 24,025 എന്നിങ്ങനെയാണ് ചികിത്സ നല്‍കിയത്.പമ്പ മുതല്‍ സന്നിധാനം വരെയും കാനനപാതയിലും സജ്ജമാക്കിയ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളിലൂടെ 64,754 തീര്‍ത്ഥാടകര്‍ക്കും ആരോഗ്യ സേവനം നല്‍കി. സിപിആര്‍ ഉള്‍പ്പെടെയുള്ള അടിയന്തര സേവനം നല്‍കി മരണനിരക്ക് പരമാവധി കുറയ്ക്കാനായി. മികച്ച ആരോഗ്യ സേവനം നല്‍കിയ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
നിസാര രോഗങ്ങള്‍ മുതല്‍ ഹൃദയാഘാതം പോലെ ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് വരെ ചികിത്സ നല്‍കി. ശബരിമല യാത്രയ്ക്കിടെ ഹൃദയാഘാതം വന്ന 206 പേരുടെ ജീവന്‍ രക്ഷിച്ചു. സമയബന്ധിതമായ ചികിത്സയിലൂടെ ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവന്‍ രക്ഷിക്കാനായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഹൃദയാഘാതം ഇത്തവണ വന്നെങ്കിലും അതിനേക്കാള്‍ കൂടുതല്‍ പേരെ രക്ഷപ്പെടുത്താനായി. 131 പേര്‍ക്ക് അപസ്മാരത്തിന് ചികിത്സ നല്‍കി.
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള 891 പേരെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളില്‍ നിന്നും ശബരിമലയിലെ മറ്റ് ആശുപത്രികളിലേക്കും 834 പേരെ ശബരിമല ആശുപത്രിയില്‍ നിന്നും മറ്റാശുപത്രികളിലേക്കും റഫര്‍ ചെയ്തുവെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി. ആയുഷ് വിഭാഗത്തില്‍ നിന്നുള്ള സേവനവും ഉറപ്പാക്കി. കനിവ് 108 ഉള്‍പ്പെടെ വിപുലമായ ആംബുലന്‍സ് സേവനം ഒരുക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.








