Headlines

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സമവായം വേണം, രണ്ട് പേരുകള്‍ വന്നാല്‍ ടേം നിശ്ചയിക്കണം; ഡിസിസികളോട് കെപിസിസി നേതൃത്വം

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സമവായം വേണമെന്ന് കെപിസിസി. അധ്യക്ഷന്മാരെ നിശ്ചയിക്കുമ്പോള്‍ പാര്‍ട്ടിയുടെ പ്രധാന പദവികളിലുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് കെപിസിസി സര്‍ക്കുലറില്‍ പറയുന്നു. തുല്യആളുകള്‍ പിന്തുണക്കുന്ന രണ്ട് പേര് വന്നാല്‍ ടേം നിശ്ചയിക്കണമെന്നും ഡിസിസികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.

അധ്യക്ഷന്മാരെ നിശ്ചയിക്കുമ്പോള്‍ പാര്‍ട്ടിയുടെ പ്രധാനപദവികളിലുളളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശം. അധ്യക്ഷ-ഉപാധ്യക്ഷ പദവികളിലേക്ക് ഒറ്റപ്പേരിലെത്താന്‍ പരമാവധി ശ്രമിക്കണം. ഒറ്റപ്പേരിലെത്താന്‍ കഴിയാത്തപക്ഷം നേതൃത്വം ചര്‍ച്ചയിലൂടെ അത് സാധ്യമാക്കണം. യോജിച്ച പേരിലേക്ക് എത്താന്‍ കഴിയാത്ത പക്ഷം അംഗങ്ങളുടെ അഭിപ്രായം തേടണം. തുല്യആളുകള്‍ പിന്തുണക്കുന്ന രണ്ട് പേര് വന്നാല്‍ ടേം നിശ്ചയിക്കണം. 5 വര്‍ഷത്തിനിടയില്‍ രണ്ടിലേറെ പേര്‍ക്ക് പദവി വീതിച്ച് നല്‍കരുതെന്നും കെപിസിസി നേതൃത്വം ഡിസിസികളോട് നിര്‍ദേശിക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആവേശകരമായ വിജയം കൈവരിച്ചതില്‍ കൂട്ടായ പരിശ്രമം നടത്തിയതിന് ഡിസിസികളെ കെപിസിസി അധ്യക്ഷന് സണ്ണി ജോസഫ് സര്‍ക്കുലറിലൂടെ അഭിനന്ദിക്കുന്നു. കോണ്‍ഗ്രസിലെ മുന്‍കാല അധികാര തര്‍ക്കങ്ങളെ സിപിഐഎമ്മും ബിജെപിയും ഉള്‍പ്പെടുന്ന പാര്‍ട്ടികള്‍ രൂക്ഷമായി പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് ഡിസിസികള്‍ക്കുള്ള ഈ കര്‍ശന നിര്‍ദേശങ്ങള്‍.