Headlines

ഡൽഹി ചാവേർ ആക്രമണം; പിന്നിൽ അഫ്‌ഘാനിസ്ഥാൻ- പാക് അധീന കശ്മീർ കേന്ദ്രീകരിച്ച ജെയ്ഷെ ശൃംഖല

ഡൽഹി ചാവേർ ആക്രമണത്തിന് പിന്നിൽ അഫ്‌ഘാനിസ്ഥാൻ- പാക് അധീന കശ്മീർ കേന്ദ്രീകരിച്ച ജെയ്ഷെ ശൃംഖലയെന്ന് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ആക്രമണത്തിന് നിർദേശം നൽകിയ മൂന്ന് പേരെ തിരിച്ചറിഞ്ഞു. ഭീകരസംഘത്തിലെ പ്രധാനികൾ ഫൈസൽ ഇഷ്ഫാഖ് ഭട്ട്, ഡോ. ഉകാസ എന്നിവരും മൂന്നാമൻ ഹാഷിമുമാണ്. ഇരുവരും പാക് അധീന കശ്മീരിലും അഫ്ഗാനിസ്ഥാനിലുമാണെന്നാണ് കണ്ടെത്തൽ.
ആക്രമണത്തിന് തൊട്ട് മുൻപ് ഡോ. ഉമർ നബി ഇവരുമായി ഫോണിൽ സംസാരിച്ചിരുന്നു.

ഇവർ സമൂഹമാധ്യമ അക്കൗണ്ടായ ടെലിഗ്രാം ചാറ്റുകൾ വഴിയായിരുന്നു നിർദേശങ്ങളും ഭീകരസംഘടനകളുടെ ഏകോപനവും നടത്തിയിരുന്നതെന്ന് കണ്ടെത്തിക്കഴിഞ്ഞു. ജെയ്‌ഷെ മുഹമ്മദ് ഹാൻഡ്‌ലർ ഹൻസുല്ലയുടെ ടെലിഗ്രാം ഗ്രൂപ്പിൽ ആരിഫ് നിസാർ സജീവമെന്ന് കണ്ടെത്തി. ഇവരുടെ 2 ലക്ഷത്തിലധികം രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.കോളുകളുടെയും ചാറ്റുകളുടെയും ഫണ്ട് റൂട്ടുകളുടെയും ഡിജിറ്റൽ പാതകൾ പരിശോധിക്കുകയാണ്.
അതേസമയം, ഡൽഹി ചാവേർ ആക്രമണത്തിൽ പാകിസ്താന്റെ പങ്ക് പാക് അധീന കശ്മീർ മുൻ പ്രധാനമന്ത്രി ചൗധരി അൻവർ ഉൾ ഹഖ് സമ്മതിച്ചിരുന്നു. ഇന്ത്യയെ ചെങ്കോട്ടയിൽ ആക്രമിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പാക്കിസ്താന്റെ ധീരരായ ആളുകൾ അത് ചെയ്തിട്ടുണ്ടെന്നും ചൗധരി അൻവർ ഉൾ ഹഖ്. ബലൂചിസ്ഥാനിൽ രക്തം ചൊരിയുന്നത് തുടരുകയാണെങ്കിൽ, ചെങ്കോട്ട മുതൽ കാശ്മീരിലെ വനങ്ങൾ വരെ ആക്രമിക്കുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നുവെന്നും അൻവർ ഉൾ ഹഖ് പറഞ്ഞു. നവംബർ 17 വരെ പാക് അധീന കശ്മീർ പ്രധാനമന്ത്രിയായിരുന്നു അൻവർ ഉൾ ഹഖ്.
നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ഈ വിവാദ പരാമർശം നടത്തിയത്. ചാവേർ ആക്രമണത്തിനു പിന്നാലെ അൽ ഫലാഹ് സർവ്വകലാശാലയിൽ നിന്നും ഒളിവിൽ പോയ മൂന്ന് കശ്മീരികൾ അടക്കമുള്ള 10 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഭീകരബന്ധം ഉണ്ടെന്നാണ് സംശയിക്കുന്നത്.