ആംസ്റ്റർഡാം∙ യൂറോപ്പിന്റെ ബിസിനസ് ഹബ്ബായ നെതർലൻഡ്‌സും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും ഊഷ്മളമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവും തുടർന്നുണ്ടായ തന്ത്രപരമായ സഹകരണങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര– ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കിയിരിക്കുന്നു.യുകെ കഴിഞ്ഞാൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജർ താമസിക്കുന്ന നെതർലൻഡ്‌സിൽ, മലയാളികളടക്കമുള്ള പ്രവാസി സമൂഹം ഐടി, ഗവേഷണം, ലോജിസ്റ്റിക്സ് തുടങ്ങി വിവിധ മേഖലകളിൽ നിർണായക സ്വാധീനമാണ് ചെലുത്തുന്നത്.ഡച്ച് മണ്ണിൽ ഈ നയതന്ത്ര ദൗത്യത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ അംബാസഡർ കുമാർ തുഹിൻ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ സാധ്യതകൾ, നെതർലൻഡ്സ് തുറന്നിടുന്ന തൊഴിലവസരങ്ങൾ, പ്രവാസികൾക്കായി എംബസി ഒരുക്കുന്ന ഡിജിറ്റൽ സേവനങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് അംബാസഡർ കുമാർ തുഹിൻ മനോരമ ഓണ്‍ലൈനുമായി സംസാരിക്കുന്നു.
∙ ഐഐടി പഠനവും റെയിൽവേ സേവനവും കഴിഞ്ഞ് നയതന്ത്ര രംഗത്തേക്ക് എത്തിയല്ലോ? കരിയറിലെ ഈ വലിയ മാറ്റത്തിന് പ്രചോദനം എന്തായിരുന്നു?
എന്റെ ജീവിതത്തിലെ കരിയറിലെ ഈ മാറ്റങ്ങളെ വ്യത്യസ്തമായ ഘട്ടങ്ങളായല്ല ഞാൻ കാണുന്നത്; മറിച്ച്, ഒന്നിനു പുറകെ ഒന്നായി തുടർന്നുവന്ന ഒരു സ്വാഭാവിക വളർച്ചയായാണ്.
ഐഐടിയിലെ പഠനമാണ് കാര്യങ്ങളെ കൃത്യമായി വിശകലനം ചെയ്യാനും ഏത് പ്രതിസന്ധിയിലും പരിഹാരം കണ്ടെത്താനുമുള്ള വിശ്വാസം എന്നിൽ ഉണ്ടാക്കിയത്. അവിടെനിന്ന് ഇന്ത്യൻ റെയിൽവേയിൽ എത്തിയപ്പോൾ, അത് എന്റെ നാടിനെ അടുത്തറിയാനുള്ള വലിയൊരു അവസരമായി മാറി. ഭാരതത്തിന്റെ യഥാർഥ വലുപ്പവും നമ്മൾ നേരിടുന്ന ജീവിത യാഥാർത്ഥ്യങ്ങളും സാധാരണക്കാരായ മനുഷ്യരുടെ കഴിവുകളുമെല്ലാം ഞാൻ നേരിട്ടു കാണുന്നത് ഇന്ത്യൻ റെയിൽവേയിലെ ആ സേവനകാലത്താണ്.
അന്ന് ഒരു എൻജിനീയറെന്ന നിലയിൽ റെയിൽവേ പാതകളും പാലങ്ങളും പണിത് ആളുകളെ ഭൗതികമായി ബന്ധിപ്പിക്കാനാണ് ഞാൻ ശ്രമിച്ചതെങ്കിൽ, നയതന്ത്ര രംഗത്തേക്ക് എത്തിയപ്പോൾ ആ ദൗത്യത്തിന് കുറച്ചുകൂടി വിശാലമായ ഒരു രൂപം കൈവന്നു—രാജ്യങ്ങളെയും ജനങ്ങളെയും തമ്മിൽ കോർത്തിണക്കുന്ന സൗഹൃദപ്പാലങ്ങൾ പണിയുക എന്ന ദൗത്യം. എങ്കിലും, ഞാൻ മുൻപ് പ്രവർത്തിച്ച മേഖലകളേക്കാളൊക്കെ എത്രയോ വിശാലമായ ഒരു ലോകമാണ് നയതന്ത്ര രംഗം എനിക്ക് മുന്നിൽ തുറന്നുവച്ചത്.∙ അംബാസഡറുടെ ജോലി ആഘോഷങ്ങളും വിരുന്നു സൽക്കാരങ്ങളും മാത്രമാണെന്നാണല്ലോ പൊതുവെ കരുതപ്പെടുന്നത്? ക്യാമറകൾക്ക് പിന്നിലെ യഥാർത്ഥ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണ്?
ഒരു അംബാസഡറുടെ ജോലി ഇത്തരം ആഘോഷങ്ങളിലും വിരുന്നു സൽക്കാരങ്ങളിലും പങ്കാളിയാവുക മാത്രമാണെന്ന് കരുതുന്ന ഒരുപാട് ആളുകളുണ്ട്. എന്നാൽ, അത് ഉത്തരവാദിത്തത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ്.
നെതർലൻഡ്സ് സർക്കാരിന്റെ ആസ്ഥാനം എന്ന് മാത്രമല്ല, ‘ലോകത്തിന്റെ നിയമ തലസ്ഥാനം’ കൂടിയാണ് ദ ഹേഗ്. രാസായുധ നിരോധന സംഘടന, രാജ്യാന്തര നീതിന്യായ കോടതി, രാജ്യാന്തര സ്ഥിരം മധ്യസ്ഥ കോടതി തുടങ്ങി പ്രമുഖ രാജ്യാന്തര സ്ഥാപനങ്ങളെല്ലാം ഇവിടെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തമായി മുൻപോട്ടു കൊണ്ടുപോകുന്നതിനൊപ്പം, ഇത്തരം ആഗോള ഏജൻസികളിൽ ഇന്ത്യയ്ക്ക് പ്രാധാന്യമുള്ള വിഷയങ്ങൾ നിരന്തരം പിന്തുടരുകയും വേണം.
ഇൻബോക്സിൽ ലഭിക്കുന്ന ഇമെയിലുകൾ പരിശോധിച്ചുകൊണ്ടാണ് എന്റെ ഒരു സാധാരണ ദിവസം ആരംഭിക്കുന്നത്. ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള നിർദേശങ്ങളും സന്ദേശങ്ങളുമാകും അതിൽ പ്രധാനം. പുറമേ കാണുന്ന ഈ ചടങ്ങുകൾക്കപ്പുറം സങ്കീർണമായ പലതരം വിഷയങ്ങൾ ഒരേസമയം ശ്രദ്ധിക്കുകയും, ഏത് സാഹചര്യത്തിലും ഇന്ത്യൻ സർക്കാരിന്റെയും നമ്മുടെ നാടിന്റെയും താൽപര്യങ്ങൾ ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കുകയുമാണ് ഒരു അംബാസഡറുടെ പ്രഥമ ചുമതല.കോൺസുലർ സംശയങ്ങൾക്ക് പെട്ടെന്ന് മറുപടി നൽകാൻ ‘എഐ വോയ്‌സ്/ചാറ്റ് ബോട്ട്’ സംവിധാനം എംബസിയുടെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കടലാസ് ജോലികൾ ഒഴിവാക്കി നടപടിക്രമങ്ങൾ ലളിതമാക്കാനാണ് ഇത്.
∙ നയതന്ത്ര ജീവിതത്തിൽ മനസ്സിന് ഏറ്റവും കൂടുതൽ ആത്മസംതൃപ്തി നൽകിയ അനുഭവം ഏതാണ്?
ഒരു നയതന്ത്ര പ്രതിനിധിയുടെ പ്രവർത്തനം പ്രധാനമായും രണ്ട് തലങ്ങളിലാണ്. ഒന്ന് ആഗോള രാഷ്ട്രീയ വിഷയങ്ങൾ, മറ്റൊന്ന് ആളുകളുമായി നേരിട്ട് ബന്ധപ്പെടുന്ന വ്യക്തിപരമായ വശം. സാധാരണക്കാരായ പ്രവാസികളെ നേരിട്ട് സഹായിക്കാൻ സാധിക്കുമ്പോഴാണ് ജീവിതത്തിൽ ഏറ്റവും വലിയ ആത്മസംതൃപ്തി ലഭിക്കുന്നത്.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ അടിയന്തര ഘട്ടങ്ങളിൽ ആളുകൾക്ക് താണലാകാൻ സാധിച്ച നിരവധിയേറെ സന്ദർഭങ്ങളുണ്ട്. എങ്കിലും, മനസ്സിൽ എന്നും വേറിട്ടുനിൽക്കുന്നത് 2022ൽ ഹംഗറി അതിർത്തി വഴി നടത്തിയ രക്ഷാപ്രവർത്തനമാണ്. ഹംഗറിയിലെ എന്റെ സേവന കാലാവധി പൂർത്തിയാക്കി ഡൽഹിയിൽ തിരിച്ചെത്തിയ ഉടൻ തന്നെയാണ് യുദ്ധപ്രതിസന്ധി ഉടലെടുക്കുന്നതും നിരവധി ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിപ്പോകുന്നതും.
ഹംഗറിയിൽ പ്രവർത്തിച്ചുള്ള പരിചയസമ്പത്തുള്ളതുകൊണ്ടുതന്നെ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ എന്നെ വീണ്ടും അങ്ങോട്ടേയ്ക്ക് നിയോഗിക്കുകയായിരുന്നു. തുടർന്ന്, ബുഡാപെസ്റ്റ് കേന്ദ്രീകരിച്ച് പ്രത്യേക വിമാന സർവീസുകളിലൂടെ ആറായിരത്തിലധികം ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചു.
സ്വന്തം നാടിനും പ്രിയപ്പെട്ടവർക്കും അകലെ വലിയ പ്രതിസന്ധിയിലകപ്പെട്ട ആ കുട്ടികളുടെ മുഖത്ത് ഞങ്ങളെ കണ്ടപ്പോൾ പ്രകടമായ ആശ്വാസമാണ് എന്റെ നയതന്ത്ര ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം.








