Headlines

കാനഡയിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍; ദിനേഷ് കെ പട്‌നായിക് ഉടന്‍ ചുമതലയേല്‍ക്കും

കാനഡയിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഉടന്‍ ചുമതലയേല്‍ക്കും. സ്‌പെയിനിലെ ഇന്ത്യന്‍ അംബാസിഡറായ ദിനേഷ് കെ പട്‌നായിക്കിനാണ് വിദേശകാര്യ മന്ത്രാലയം പുതിയ ചുമതല നല്‍കിയത്. 1990 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് പട്‌നായിക്.

2023 ജൂണ്‍ 18നാണ് കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ വാദിയുമായ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയിലെ ഗുരു നാനാക്ക് ഗുരുദ്വാറിന്റെ പാര്‍ക്കിംഗില്‍ വച്ച് വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് ഇന്ത്യ – കാനഡ ബന്ധം വഷളായത്. കൊലപാതകത്തിനു പിന്നില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണവുമായി അന്നത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്നെ രംഗത്തെത്തി. ആരോപണങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അന്നു തന്നെ തള്ളിയിരുന്നു. ശേഷം ഇന്ത്യയും കാനഡയും തമ്മില്‍ നയതന്ത്ര പോരാട്ടം തന്നെ ആരംഭിച്ചു. ജസ്റ്റിന്‍ ട്രൂഡോ വേഴ്‌സസ് നരേന്ദ്രമോദി എന്ന നിലയിലേക്ക് തര്‍ക്കം മാറി.

അസ്വാരസ്യങ്ങള്‍ മൂര്‍ഛിച്ചതോടെ 2024 ഒക്ടോബര്‍ 14ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വെര്‍മ ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ തിരിച്ചയച്ചു. കനേഡിയന്‍ നയതന്ത്ര പ്രതിനിധി സ്റ്റേവാര്‍ട്ട് വീലറെ നേരിട്ട് വിളിപ്പിച്ച് പ്രതിഷേധം അറിയിച്ച ശേഷം ഇന്ത്യയും ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചയച്ചു. കൊലപാതകത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന വാദവുമായി കാനഡ ഇതിനോടകം രംഗത്തെത്തിയിരുന്നു. പിന്നീട് ഇന്ത്യ മുഴുവന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ചു വിളിച്ചു. കുറച്ചു കാലത്തേക്ക് ഇരുരാജ്യങ്ങളും നിശബ്ദമായിരുന്നു.

2025 ഏപ്രിലിലാണ് കാനഡയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 14 ന് കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍നെ ചുമതലയേറ്റു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യ പുതിയ ഹൈക്കമ്മീഷണറെ നിയമിക്കുന്നത്. ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തില്‍ ഇനിയെന്ത് മാറ്റമാണ് ഉണ്ടാവുക എന്നാണ് ഇനി കണ്ടറിയേണ്ടത്.