ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ധനകാര്യ സ്ഥാപനങ്ങള്‍, ബിസിനസുകള്‍, വിമാനത്താവളങ്ങള്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഏതൊരു രാജ്യവും വന്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രഖ്യാപനം.
ഇറാനില്‍ നിന്നുള്ള ഭീഷണി ഒഴിവാക്കാന്‍ എല്ലാ സഖ്യകക്ഷികളും അമേരിക്കയ്ക്കൊപ്പം അണിനിരക്കണമെന്നും ട്രംപ് പറഞ്ഞു. ഇറാനെ ആണവായുധം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാനെ സഹായിക്കുന്ന എണ്ണക്കള്ളക്കടത്ത്, സ്വാപ്പ് ലൈനുകള്‍, പണകൈമാറ്റം തുടങ്ങി എല്ലാ കാര്യങ്ങളും ഉടനടി അവസാനിപ്പിക്കണമെന്നും ട്രംപ് വ്യക്തമാക്കി.അതിനിടെ, ഭാവിയില്‍ ഇറാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചേക്കുമെന്നും ട്രംപ് പറയുന്നുണ്ട്. ഇറാന്‍ ആണവായുധം നിര്‍മ്മിക്കില്ലെന്ന ഉറപ്പു മാത്രമേ അമേരിക്ക തേടുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ മേല്‍നോട്ടത്തില്‍ മാത്രമായിരിക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് അംഗം ഇബ്രാഹിം റെസായി പറഞ്ഞു. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ഗതാഗത ഫീസും സേവന നിരക്കുകളും ശേഖരിക്കുന്നതിനുള്ള നിയമങ്ങള്‍ തയാറാക്കുമെന്നും റെസായി വ്യക്തമാക്കി.
പശ്ചിമേഷ്യയില്‍ നിന്നും അമേരിക്ക മാന്യമായ പുറത്തുകടക്കല്‍ തേടുകയാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ വിഭവങ്ങള്‍ കൊള്ളയടിക്കാനാണ് അമേരിക്ക പദ്ധതിയിട്ടിരുന്നതെന്നും ഗാലിബഫ് പറയുന്നു. യുദ്ധത്തില്‍ സൈനികവും രാഷ്ട്രീയവുമായ മാനങ്ങളില്‍ അമേരിക്ക പരാജയപ്പെട്ടു.
അതിനിടെ, പാകിസ്താന്‍ സൈനിക മേധാവി അസിം മുനീര്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി ഫോണ്‍ സംഭാഷണം നടത്തി. ഇറാന്‍ യുദ്ധത്തിന് നയതന്ത്ര പരിഹാരം തേടുന്നതിനുള്ള മാര്‍ഗങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.









