Headlines

ആഗോള അയ്യപ്പ സംഗമം; ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

രാഷ്ട്രീയ വിവാദങ്ങൾക്കിടെ ആഗോള അയ്യപ്പ സംഗമത്തിലുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർക്ക് ഒപ്പം മത സമുദായ സംഘടന നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.

ശനിയാഴ്ച രാവിലെ 9.30 മണിക്ക് തന്നെ പരിപാടി ആരംഭിക്കും. 10.30 ന് പമ്പ തീരത്ത് ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ സെഷനുകൾ പൂർത്തീകരിച്ച്, സമാപന സമ്മേളനത്തിൽ ക്രോഡീകരിച്ച റിപ്പോർട്ട് അവതരിപ്പിക്കും. നാലുമണിക്ക് ശേഷം സംഗമത്തിന് എത്തുന്ന ഡെലിഗേറ്റുകൾക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സംഗമത്തിൽ മൂന്ന് സെക്ഷനുകളായാണ് ചർച്ച. ശബരിമല മാസ്റ്റർ പ്ലാൻ, സ്പിരിച്ച്വൽ ടൂറിസം, ഗ്രൗണ്ട് മാനേജ്മെന്റ് എന്നിങ്ങനെയാണ് സെഷനുകൾ. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടികെഎ നായർ, മുൻ ചീഫ് സെക്രട്ടറി ഡോക്ടർ കെ ജയകുമാർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് ഉൾപ്പെടെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.