നെഹ്റു ട്രോഫി പോസ്റ്റർ വിവാദത്തിന് പിന്നാലെ, ജലമേളയിൽ നിന്ന് വിട്ടുനിൽക്കാൻ കൊടിക്കുന്നിൽ സുരേഷ് എം പി. തന്റെ ചിത്രമോ പേരോ ഉൾപ്പെടുത്താത്ത പോസ്റ്റർ പിൻവലിച്ചെങ്കിലും, പുതിയ പോസ്റ്റർ ഇറക്കാത്തതിൽ കടുത്ത അതൃപ്തിയിലാണ് കൊടിക്കുന്നിൽ സുരേഷ്. ഫോട്ടോയോ പേരോ ഉൾപ്പെടുത്താത് വിവാദമായതിന് പിന്നാലെ പോസ്റ്റർ പിൻവലിച്ചിരുന്നു. എൻടിബിആർ കൾച്ചറൽ കമ്മറ്റിയാണ് പോസ്റ്റർ പിൻവലിച്ചത്. പുതിയ പോസ്റ്റർ ഇറക്കാത്തതിലും എം പിക്ക് കടുത്ത അതൃപ്തിയാണ്.
വള്ളംകളിയിൽ ഏറ്റവും കൂടുതൽ ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കുന്നത് കൊടിക്കുന്നിൽ സുരേഷ് എം പിയുടെ മണ്ഡലത്തിൽ നിന്നാണ്. ജില്ലയിൽ നിന്നുള്ള മറ്റെല്ലാ ജനപ്രതിനിധികളും പോസ്റ്ററിൽ ഉൾപ്പെട്ടിട്ടുണ്ട്. ജില്ലയിലെ മുഴുവൻ എം.എൽ.എ.മാരും മന്ത്രിമാരും കെ.സി. വേണുഗോപാൽ എം.പി.യും പോസ്റ്ററിലുണ്ട്. സാംസ്കാരിക പരിപാടിയുടെ അറിയിപ്പിനായി അച്ചടിച്ചതാണ് പോസ്റ്റർ.
പ്രചാരണ നോട്ടീസിൽ കൊടിക്കുന്നിൽ സുരേഷിന്റെ ചിത്രം ഒഴിവാക്കിയ വിവാദത്തിൽ വീഴ്ച സമ്മതിച്ച് നഗരസഭയും രംഗത്തെത്തിയിരുന്നു. എം.പി.യുടെ ചിത്രംകൂടി ഉൾപ്പെടുത്തി പുതിയ നോട്ടീസ് തയ്യാറാക്കിയതായി കൾച്ചറൽ കമ്മിറ്റി കൺവീനർ വാർത്താക്കുറിപ്പിൽ പിന്നീട് അറിയിച്ചിരുന്നു.






