ശ്രീനഗർ ∙ ജമ്മുകശ്മീർ ഇന്ത്യയുടെ പ്രധാന ഘടകമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുമായി ശ്രീനഗറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഗോറിന്റെ പരാമർശം. യുഎസുമായുള്ള നയതന്ത്ര ഇടപെടലിലെ നിർണായക നീക്കമായാണ് ഗോറിന്റെ സന്ദർശനം വിലയിരുത്തപ്പെടുന്നത്.
‘കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണ്, ഇവിടെ ആദ്യമായാണ് ഞാൻ എത്തുന്നത്. അതിമനോഹരമാണ് ഇവിടം.’–ഗോർ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. ആദ്യമായാണ് ഗോർ കശ്മീർ സന്ദർശിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ദക്ഷിണ, മധ്യേഷ്യ പ്രത്യേക പ്രതിനിധിയുമായിരുന്നു ഗോർ.
ജമ്മു കശ്മീരിലൂന്നിയുള്ള യുഎസ്–ഇന്ത്യ ബന്ധത്തെക്കുറിച്ച് ഗോറുമായി ചർച്ച നടത്താൻ അവസരം ലഭിച്ചെന്ന് ഒമർ അബ്ദുല്ല പറഞ്ഞു. ‘മികച്ച കൂടിക്കാഴ്ചയായിരുന്നു ഇത്. ജമ്മു കശ്മീരിൽ യുഎസിന് എന്തു ചെയ്യാനാകും എന്നതിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് ഇരുരാജ്യങ്ങളുടെയും ബന്ധത്തെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. ചില കാര്യങ്ങളിലുള്ള തർക്കങ്ങൾ കാലക്രമേണ പരിഹരിച്ച് മുന്നോട്ടു പോകാനാകും. ചർച്ച മുന്നോട്ടു കൊണ്ടുപോകാനാകുമെന്നാണ് കരുതുന്നത്.’–ഒമർ അബ്ദുല്ല പറഞ്ഞു.
സെർജിയോ ഗോറുമായുള്ള ചർച്ചയ്ക്ക് മണിക്കൂറുകൾക്കു മുൻപ്, ജമ്മു കശ്മീരിന്റെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരാണ് അമേരിക്കയല്ല എന്ന് ഒമർ അബ്ദുല്ല പറഞ്ഞിരുന്നു. ജമ്മുകശ്മീരിന്റെ ആഭ്യന്തര വിഷയങ്ങൾ ഗോറുമായി ചർച്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.








