അധ്യാപക പീഡനത്തെ തുടർന്ന് ഉത്തർപ്രദേശിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. രണ്ടാംവർഷ ബി.ഡി.എസ്. വിദ്യാർത്ഥിനി ജ്യോതിയാണ് മരിച്ചത്. ഗ്രേറ്റർ നോയിഡ നോളജ് പാർക്കിലെ ശാരദ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം.
തന്റെ മരണത്തിന് അധ്യാപകരാണ് ഉത്തരവാദികളെന്ന് വിദ്യാർഥിനിയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. അധ്യാപകർ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തതായി കുറിപ്പിൽ വ്യക്തമാക്കുന്നു. ഏറെ നാളുകളായി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും കുറിപ്പിലുണ്ട്.
ഇന്നലെ രാത്രി 9.30ഓടെ കോളജ് ഹോസ്റ്റലിലാണ് മൃതദേഹം കണ്ടെത്തിയത്. കോളേജ് അധികൃതർ സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. പൊലീസ് എത്തും മുമ്പ് മൃതദേഹം മാറ്റിയെന്നാണ് വിവരം. ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.