ആഗോള കൈ കഴുകൽ ദിനമാചരിച്ചു

മേപ്പാടി: ആഗോള കൈ കഴുകൽ ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയും, രോഗി സുരക്ഷയും പൊതുജനാരോഗ്യവും ലക്ഷ്യമിട്ട് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മെഡിക്കൽ കോളേജിലെ ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ വിഭാഗവും 3M കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച ശിൽപ്പശാല എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കൂടാതെ, ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയും എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് നടത്തിയ വിവിധ പരിപാടികളിൽ ഡോ.ഡാഗ്നി ഹരി കൈ കഴുകേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. രോഗി സുരക്ഷയും അണുബാധ നിയന്ത്രണവും’ എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ ക്ലാസുകൾ നടന്നു. ഒപ്പം ബി.വോക്. (BVoc) വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും തുടർന്ന് നടന്ന പോസ്റ്റർ നിർമ്മാണ മത്സരവും ശ്രദ്ധേയമായിരുന്നു.
മെഡിക്കൽ സൂപ്രണ്ട് ഡോ. സാറാ ചാണ്ടി, വൈസ് പ്രിൻസിപ്പാൾ ഡോ. പ്രഭു ഇ, ഇൻഫെക്ഷൻ കൺട്രോൾ ചെയർപേഴ്സൺ ഡോ. എ പി കാമത്, ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ പ്രൊ.ഡോ. ലാൽ പ്രശാന്ത് എം.എൽ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊ. ഡോ. ലിഡാ ആന്റണി, ഇൻഫെക്ഷൻ കൺട്രോൾ ആൻഡ് പ്രിവെൻഷൻ വിഭാഗം മാനേജർ സില്ലി കുട്ടി ടി ടി, ഡോ. ജിഷ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ആദി സത്യൻ, ശ്രീമതി. വിനീത, 3M കമ്പനിയിലെ ക്ലിനിക്കൽ സ്പെഷ്യലിസ്റ്റുകളായ കെവിൻ ചിന്ദ്‌വാൽ, അശ്വിനി.ആർ, ഏരിയ സെയിൽസ് മാനേജർ ജെർസൺ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.