നിയമസഭ തിരഞ്ഞെടുപ്പ് ഏതാനും മാസം മാത്രം അകലെ നില്‍ക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ധൃതി പിടിച്ചുള്ള മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനു പിന്നില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തിനു വേണ്ടിയുള്ള വിഭവസമാഹരണമോ വികസനമോ അല്ല മുഖ്യമന്ത്രിയുടെ ലക്ഷ്യം. മറിച്ച് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക പാർട്ടി താൽപര്യങ്ങളാണ്. അതിനാണ് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കി ഈ വിശാലമായ വിദേശയാത്രയ്ക്ക് ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദുബായ് ബഹറീന്‍ ഖത്തര്‍ ഒമാന്‍ തുടങ്ങി എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രിയുടെ പദ്ധതി. സൗദി അറേബ്യ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. പക്ഷേ പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുമുള്ള മുഖ്യമന്ത്രിയുടെ ഇരിപ്പു വശം വെച്ച് അതിനും അനുമതി കിട്ടുമെന്ന കാര്യമുറപ്പാണ്. ഇതെല്ലാം തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ്.
2016 മുതൽ 2025 വരെ ഏതാണ്ട് ഇരുപത്തഞ്ചോളം വിദേശ യാത്രകള്‍ മുഖ്യമന്ത്രിയും സംഘവും നടത്തിയെങ്കിലും ഇന്നേവരെ സംസ്ഥാനത്തിന് ഒരു പ്രയോജനവുമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ നിക്ഷേപ സംഗമ യാത്രകൾ കൊണ്ട് ഒരു ധാരണ പത്രവും ഒപ്പിട്ടില്ലെന്ന് കേരള സര്‍ക്കാരിന് കീഴിലുള്ള കേരള വ്യവസായ വികസന കോര്‍പറേഷനാണ് വിവരാവകാശചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഒറ്റ രൂപയുടെ നിക്ഷേപം പോലും ഇത് മൂലം കേരളത്തിലേക്ക് വന്നിട്ടില്ല. കഴിഞ്ഞ ഒമ്പതര വര്‍ഷം കൊണ്ടു നടക്കാത്തത് നടത്താനല്ല, മറിച്ച് വ്യത്യസ്തമായ ലക്ഷ്യമാണ് ഈ യാത്രയ്ക്കുള്ളതെന്ന് കൊച്ചു കുട്ടികള്‍ക്കു പോലും മനസിലാകുമെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.