ദൈവത്തോട് പോയി പറയു എന്ന പരാമർശം തെറ്റായി ചിത്രീകരിച്ചെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും ചീഫ് ജസ്റ്റിസിന്റെ വിശദീകരണം. ചീഫ് ജസ്റ്റിസിന്റെ പരാമർശംതിനെതിരെ ഹിന്ദു സംഘടകൾ പ്രതിഷേധിച്ചിരുന്നു. ഖജുരാഹോയിലെ ജവാരി ക്ഷേത്രത്തിലെ കേടുപാടുകൾ സംഭവിച്ച വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസ് ഇത്തരത്തിൽ പരാമർശം നടത്തിയിരുന്നത്.
ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനെതിരെ സാമൂഹമാധ്യമങ്ങളിൽ അടക്കം വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ചീഫ് ജസ്റ്റിസ് രംഗത്തെത്തിയത്. വിഷ്ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. വിഷയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നത്.
യുനെസ്കോയുടെ പട്ടികയിൽ ഉൾപ്പെട്ട ക്ഷേത്ര സമുച്ചയത്തിൽ സ്ഥാപിച്ചിരിക്കുന്ന 7 അടി ഉയരമുള്ള വിഗ്രഹത്തിന്റെ അറ്റകുറ്റപ്പണികൾ ആവശ്യപ്പെട്ടുള്ള ഹർജി ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ആണ് പരിഗണിച്ചത്. “ഇപ്പോൾ പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ. നിങ്ങൾ വിഷ്ണുവിന്റെ കടുത്ത ഭക്തനാണെന്ന് പറയുന്നു. അതിനാൽ ഇപ്പോൾ പോയി പ്രാർത്ഥിക്കൂ. ഇതൊരു പുരാവസ്തു സ്ഥലമാണ്, എഎസ്‌ഐ അനുമതി നൽകേണ്ടതുണ്ട്” എന്നായിരുന്നു ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് പറഞ്ഞത്.