യുക്രെയ്നിലെ കുട്ടികളുടെ നിഷ്കളങ്കത ഓർമ്മിപ്പിച്ച് വ്ലാദിമിർ പുടിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യ, മെലാനിയ ട്രംപിന്റെ കത്ത്. ഏത് രാജ്യത്താണെങ്കിലും കുട്ടികൾ ഒരുപോലെയാണ് സ്വപ്നം കാണുന്നത്. എന്നാൽ യുക്രെയ്നിലെ കുട്ടികൾ ഇന്ന് ഇരുട്ടിലാണ്. സന്തോഷത്തോടെയുള്ള അവരുടെ ചിരി തിരിച്ചു കൊണ്ടുവരാൻ താങ്കൾക്ക് സാധിക്കും എന്ന് കത്തിൽ മെലാനിയ ചൂണ്ടിക്കാട്ടുന്നു.
യുക്രെയ്‌നിന്റെ പേര് പറയാതെയാണ് മെലാനിയ ട്രംപിന്റെ കത്ത്. യുദ്ധം കുട്ടികളിൽ ചെലുത്തുന്ന സ്വാധീനം ചൂണ്ടികാണിച്ചുകൊണ്ടാണ് കത്ത്. “കുട്ടികളുടെ നിഷ്കളങ്കത സംരക്ഷിക്കുന്നതിലൂടെ, റഷ്യയെ മാത്രം സേവിക്കുന്നതിനേക്കാൾ കൂടുതൽ നിങ്ങൾ മനുഷ്യരാശിയെ തന്നെ സേവിക്കും. അത്തരമൊരു ധീരമായ ആശയം എല്ലാ മനുഷ്യ വിഭജനങ്ങളെയും മറികടക്കും. പുടിൻ, ഇന്ന് ഈ ആദർശം നടപ്പിലാക്കാൻ നിങ്ങൾ യോഗ്യനാണ്. സമയമായി,” മെലാനിയ കത്തിൽ പറയുന്നു.
റഷ്യ- യുക്രൈൻ വെടിനിർത്തൽ കരാറിനെക്കുറിച്ച് സംസാരിക്കാനും മേഖലയിൽ ശാശ്വതമായി സമാധാനം പുനസ്ഥാപിക്കാനുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം വൈറ്റ് ഹൗസിൽ ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് സെലൻസ്‌കിയ്ക്കൊപ്പം യൂറോപ്യൻ രാഷ്ട്ര നേതാക്കളും പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, യു കെ പ്രധാനമന്ത്രി കിയർ സ്റ്റാമെർ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, നാറ്റോ സെക്രട്ടറി ജനറൽ മാർക് റുട്ടെ എന്നിവരണ് ചർച്ചയിൽ പങ്കെടുക്കുക.