Headlines

ഇന്ന് പാര്‍ലമെന്റില്‍ ശുഭാംശു ശുക്ലയുടെ യാത്രയെ അഭിനന്ദിച്ച് പ്രത്യേക ചര്‍ച്ച; പ്രതിപക്ഷവും സഹകരിച്ചേക്കും

6 ദിവസത്തെ ഇടവേളക്ക് ശേഷം പാര്‍ലമെന്റ് ഇന്ന് സമ്മേളിക്കും. ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയെ അഭിനന്ദിച്ചു കൊണ്ടുള്ള പ്രത്യേക ചര്‍ച്ച ഇന്ന് ലോക്‌സഭയില്‍ നടക്കും. ചര്‍ച്ചയില്‍ പ്രതിപക്ഷം സഹകരിച്ചേക്കും എന്നാണ് സൂചന. അതേസമയം വോട്ടര്‍ പട്ടിക വിഷയത്തിലെ പ്രതിഷേധം പാര്‍ലമെന്റിന് അകത്തും പുറത്തും തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

രാവിലെ ചേരുന്ന ഇന്ത്യ സഖ്യത്തിലെ സഭാകക്ഷിനേതാക്കളുടെ യോഗത്തില്‍ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നയ സമീപനം ചര്‍ച്ചയാകും. പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കും. വികസിത് ഭാരതത്തിനായി ബഹിരാകാശ പരിപാടിയില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശയാത്രികന് നിര്‍ണായക പങ്ക്’ എന്ന വിഷയത്തില്‍ ആണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ശുഭാംശു ശുക്ല ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

ഇന്നലെ ഇന്ത്യയില്‍ തിരിച്ചെത്തിയ ശുഭാംശുവിന് കുടുംബാംഗങ്ങളും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ വി. നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് വന്‍ സ്വീകരണമാണ് ഒരുക്കിയത്. ദേശീയ പതാകയുമായി നിരവധി പേര്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. രാജ്യത്തെ ജനങ്ങളെയും കുടുംബത്തെയും കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വൈകാരിക കുറിപ്പില്‍ വ്യക്തമാക്കി. ”ജീവിതം ഇതാണെന്ന് ഞാന്‍ കരുതുന്നു,’ എന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ എഴുതിയിരുന്നു.