സാങ്കേതിക ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി സുപ്രീംകോടതി ഇന്ന് രൂപീകരിച്ചേക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സെർച്ച് കമ്മിറ്റിയിലേക്കുള്ള പട്ടിക സമർപ്പിക്കാൻ കൂടുതൽ സമയം ചാൻസിലർ തേടിയതോടെയാണ് ഇന്നത്തേക്ക് മാറ്റിയത്. സംസ്ഥാന സർക്കാർ ഇതിനോടകം പട്ടിക കൈമാറിയിട്ടുണ്ട്.
ചാൻസിലർക്ക് വേണ്ടി അറ്റോണി ജനറൽ കൂടി പട്ടിക കൈമാറുന്നതോടെ യുജിസി നോമിനിയെ കൂടി ഉൾപ്പെടുത്തി ജസ്റ്റിസ് ജെ ബി പർദ്ദിവാലയുടെ ബഞ്ച് സെർച്ച് കമ്മിറ്റി രൂപീകരിക്കും. സുപ്രീംകോടതി രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ വി സി നിയമനത്തിന് നിർണായകമാണ്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വിസിമാർക്ക് പുനർനിയമനം നൽകിയ ഗവർണറുടെ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.സർവകലാശാല ചട്ടം വായിച്ച് കേൾപ്പിച്ച കോടതി, ഗവർണർ ചട്ടങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
യുജിസി ചട്ടപ്രകാരം സെർച്ച് കമ്മിറ്റി രൂപീകരണം ചാൻസിലറുടെ അധികാരമാണെന്നായിരുന്നു സുപ്രിംകോടതിയിലെ ചാൻസിലറുടെ വാദം. തങ്ങൾക്കാണ് അധികാരമെന്ന് സർക്കാരും വാദിച്ചു. തുടർന്നാണ് സുപ്രിംകോടതി സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമെടുത്തത്. നാല് പേരുകൾ വീതം നൽകാൻ സർക്കാരിനും ചാൻസലർക്കും സുപ്രിംകോടതി നിർദേശം നൽകുകയും ചെയ്തിരുന്നു.