കിളിമാനൂർ ∙ വിവാഹത്തിന് വിസമ്മതിച്ചതിന് യുവതിയുടെ കുടുംബാംഗങ്ങളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികൾ നടത്തിയത് മാസങ്ങൾ നീണ്ട ഗൂഢാലോചനയെന്ന് പൊലീസ്. സുധീഷിന്റെ മുത്തശ്ശിയുടെ പേരിലുള്ള പണി പൂർത്തിയാകാത്ത വീടാണ് ഇതിനായി തിരഞ്ഞെടുത്തത്. ആളൊഴിഞ്ഞ മേഖലയിൽ റബർ തോട്ടത്തിനു നടുവിലുള്ള വീട്ടിലേക്ക് ആളുകളുടെ ശ്രദ്ധ എത്തില്ലെന്ന് ഉറപ്പാക്കി.
മർദന വിവരം പുറത്ത് അറിയാതിരിക്കാൻ വീടിനുള്ളിലെ ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി. ഇതിനായി ഏകദേശം 2 ലക്ഷം രൂപ ചെലവിട്ടെന്നാണ് പൊലീസിന്റെ നിഗമനം. റൂമിൽ നേരത്തേ സ്ഥാപിച്ച ഇരുമ്പ് തൂണിലാണ് യുവതിയുടെ പിതാവായ അനിൽ കുമാറിനെ കെട്ടിയിട്ട് മർദിച്ചത്.മേസ്തിരിയായ അനിൽ കുമാറിനെ അറ്റകുറ്റപ്പണികളുടെ പേരിൽ ഒരുമാസം മുൻപ് ഇതേ വീട്ടിൽ എത്തിച്ചതും പ്രതികളുടെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. അന്ന് വീടു കാണാനെത്തിയ അനിൽകുമാറിനോട് ഉടമ വിദേശത്താണെന്നും അവിടെനിന്ന് പണം അയച്ചാൽ ഉടനെ ജോലികൾ ആരംഭിക്കാമെന്നും പറഞ്ഞാണ് പ്രതികളിൽ തിരിച്ചയച്ചത്. ഉടമ പണം അയച്ചുവെന്നും ജോലിക്കുള്ള കരാർ തീരുമാനിക്കാമെന്നും പറഞ്ഞ് വ്യാഴാഴ്ച രാവിലെ ഫോൺ സന്ദേശമെത്തി. ഇതനുസരിച്ച് സ്വന്തം സ്കൂട്ടറിലാണ് അനിൽകുമാർ വെള്ളല്ലൂർ വട്ടവിളയിലെ വീട്ടിലേക്ക് എത്തിയത്.
വിവാഹത്തിന് വിസമ്മതിച്ചതിൽ ഉള്ള വൈരാഗ്യത്തിലാണ് യുവതിയുടെ സഹോദരൻ അച്ചുവിനെയും പ്രതികൾ മർദിച്ചത്. പിന്നാലെ അനിൽകുമാറിന്റെ ഭാര്യ സ്വപ്നയെയും വിളിച്ചു വരുത്താനായി മകനെ അയച്ചു. അക്രമി സംഘത്തിലെ ഒരാളും ബൈക്കിൽ അച്ചുവിനെ അനുഗമിച്ചിരുന്നു. വീട്ടിനുള്ളിൽ കയറിയ സമയത്താണ് മകൻ അമ്മയെ വിവരമറിയിച്ചത്.ഉടൻ സ്വപ്ന ചെറുന്നിയൂർ പ്രസിഡന്റിനെ ഫോണിൽ ബന്ധപ്പെട്ടു. വൈകിട്ട് ഏഴോടെ വർക്കല പൊലീസ് വട്ടവിളയിലെ വീട്ടിലെത്തിയാണ് അനിൽ കുമാറിനെ മോചിപ്പിച്ചത്. ക്രൂരമർദനമേറ്റ ഇയാളെ തുടർന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അനിൽകുമാറിനെയും മകനെയും ബന്ദിയാക്കിയ വീട്ടിൽ നിന്നു പടക്കം, കളിത്തോക്ക്, കരിമരുന്ന്, ബൈക്കിന്റെ കേബിൾ, ചങ്ങല എന്നിവ പൊലീസ് കണ്ടെടുത്തു. പ്രതികളിൽ 4 പേരെ തിരിച്ചറിഞ്ഞതായി കിളിമാനൂർ പൊലീസ് അറിയിച്ചു. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും സംഭവ സ്ഥലത്ത് പരിശോധന നടത്തി.








