തിരുവനന്തപുരം ∙ ടാറ്റ ഗ്രൂപ്പിന്റെ ഉപകമ്പനിയായ ആർട്സൺ എൻജിനീയറിങ്ങും മലബാർ സിമന്റ്സും ചേർന്നു കൊച്ചിയിൽ ബോട്ട് നിർമാണത്തിനായി രൂപീകരിച്ച സംയുക്ത സംരംഭത്തിന്റെ ‘ക്രെഡിറ്റി’ൽ സർക്കാരും പ്രതിപക്ഷവുമായി തർക്കം. ‘മിഷൻ സമുദ്ര’യുടെ ഭാഗമായാണു കൊച്ചിൻ പോർട്ടിൽ ഈ സംയുക്ത സംരംഭം വരുന്നതെന്ന, സർക്കാരിന്റെ അവകാശവാദമാണു സിപിഎം തള്ളിയത്. 300 കോടിയുടെ ഈ പദ്ധതി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റി’ൽ പ്രഖ്യാപിച്ചതാണെന്നും ഭൂമി ഒരുക്കുന്ന നടപടി വരെയെത്തിയെന്നും മുൻ വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
ടാറ്റ ഗ്രൂപ്പ് കേരളത്തിൽ കപ്പൽ നിർമാണ മേഖലയിൽ 10,000 കോടി നിക്ഷേപിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ടാറ്റ തള്ളിയതിനെത്തുടർന്നു പബ്ലിക് റിലേഷൻസ് വകുപ്പ് ഇറക്കിയ വാർത്തക്കുറിപ്പിലാണു കൊച്ചിയിലെ പദ്ധതിയെക്കുറിച്ചു പരാമർശിച്ചത്. മിഷൻ സമുദ്രയുടെ ഭാഗമായാണു യൂണിറ്റിനു സർക്കാർ സൗകര്യമൊരുക്കിയതെന്നും പദ്ധതിക്ക് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിച്ചു കഴിഞ്ഞെന്നും കുറിപ്പിൽ പറയുന്നു. കൊച്ചിൻ പോർട്ട് അതോറിറ്റി ആവശ്യമായ ഭൂമി ലഭ്യമാക്കുകയും പ്രാഥമിക വികസന പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും സൂചിപ്പിച്ചു.കഴിഞ്ഞ സർക്കാരിന്റെ കാലത്തു പ്രഖ്യാപിച്ച പദ്ധതിയെ മിഷൻ സമുദ്രയുടെ ഭാഗമാക്കിയതിനെയാണു പ്രതിപക്ഷം എതിർത്തത്. കൊച്ചിൻ പോർട്ടിൽ മലബാർ സിമന്റ്സ് പാട്ടത്തിന് എടുത്തിരുന്ന ഭൂമി ഉപയോഗശൂന്യമായപ്പോൾ ആർട്സൺ എൻജിനീയറിങ് കമ്പനി ബോട്ട് നിർമാണത്തിനുള്ള സംയുക്ത സംരംഭം ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. 2025ലെ നിക്ഷേപക സംഗമത്തിൽ പദ്ധതി പ്രഖ്യാപിച്ചു. ഭൂമിവില ഓഹരിയാക്കി മാറ്റി പദ്ധതിയുമായി മുന്നോട്ടുപോകാൻ മലബാർ സിമന്റ്സിനു കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ അനുമതിയും നൽകി. 300 കോടി രൂപയുടേതാണു പദ്ധതി.
‘മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ടാറ്റ നിഷേധിച്ചെന്ന വാർത്ത എന്റെ ശ്രദ്ധയിലും വന്നു. ഇപ്പോൾ അഭിപ്രായ പ്രകടനത്തിലേക്കു പോകുന്നില്ല. എന്താണു വസ്തുത എന്നു കുറച്ചുകഴിഞ്ഞു മനസ്സിലാകും’–പിണറായി വിജയൻ, പ്രതിപക്ഷ നേതാവ്.








