ലോക കപ്പ് യോഗ്യത മത്സരത്തില്‍ റിപബ്ലിക് ഓഫ് അയര്‍ലന്‍ഡിനോട് എറ്റ രണ്ട് ഗോള്‍ തോല്‍വിയുടെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചുവപ്പുകാര്‍ഡ് വാങ്ങിയതിന്റെയും ദുഃഖഭാരം പശ്ചിമ ഏഷ്യന്‍ രാജ്യമായ അര്‍മേനിയക്ക് മേല്‍ ഇറക്കിവെച്ച് പോര്‍ച്ചുഗല്‍. ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കാണ് സിആര്‍ സെവന്റെ സംഘം അര്‍മേനിയയെ തോല്‍പ്പിച്ചത്. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ പ്രതിരോധനിര താരം റെനാറ്റോ വെയ്ഗ തുടക്കമിട്ട സ്‌കോറിങിന് 92-ാം മിനിറ്റില്‍ മുന്നേറ്റതാരം ഫ്രാന്‍സിസ്‌കോ കോണ്‍സാവോയിലൂടെയാണ് അന്ത്യം കണ്ടത്. കളിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ആധിപത്യം പുലര്‍ത്തിയ പോര്‍ച്ചുഗല്‍ താരങ്ങള്‍ നിരവധി തുറന്ന അവസരങ്ങള്‍ കളഞ്ഞുകുളിച്ചില്ലായിരുന്നുവെങ്കില്‍ ഗോള്‍കണക്ക് ഇനിയും വര്‍ധിക്കുമായിരുന്നു.
എങ്കിലും ബ്രൂണോ ഫെര്‍ണാണ്ടസിന്റെയും ജോവോ നെവ്‌സിന്റെയും ഹാട്രിക് തിളക്കത്തിലാണ് വമ്പന്‍ ജയം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ലോക കപ്പ് യോഗ്യത റൗണ്ടില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനോട് അപ്രതീക്ഷിത തോല്‍വിയും ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചുവപ്പുകാര്‍ഡും പറങ്കികളുടെ മുന്നോട്ടുള്ള മത്സരങ്ങളെ ശരിക്കും ബാധിക്കുമെന്നതിനാല്‍ ഞായറാഴ്ച്ചത്തെ മത്സരം പോര്‍ച്ചുഗല്ലിന് ജയമല്ലാതെ മറ്റൊന്നും മുന്നിലുണ്ടായിരുന്നില്ല. വിജയത്തോടെ ലോകകപ്പ് യോഗ്യത പട്ടികയില്‍ പോര്‍ച്ചുഗല്ലുമുണ്ടാകും.
ഏഴാം മിനിറ്റില്‍ പോര്‍ച്ചുഗല്ലിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ഫെര്‍ണാണ്ടസിന്റെ ഫ്രീകിക്ക് വഴി റെനാറ്റോ വീഗ ഗോള്‍ നേടിയെങ്കിലും തൊട്ടുപിന്നാലെ പതിനെട്ടാം മിനിറ്റില്‍ എഡ്വേര്‍ഡ് സ്‌പെര്‍ട്‌സിയന്‍ അര്‍മേനിയക്കായി സ്‌കോര്‍ ചെയ്ത് മത്സരം സമനിലയാക്കി.






