Headlines

വന്ദേമാതരം വിവാദം; സോണിയ ഗാന്ധി മാപ്പുപറയണമെന്ന് അമിത് ഷാ; ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

ന്യൂഡൽഹി ∙ എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള വാക്പയറ്റ് തുടരുന്നു. സംഭവത്തിൽ സോണിയ ഗാന്ധിയുടെ മാപ്പ് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ വിവാദം ആളിക്കത്തിച്ചു. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആത്മാവിനോടു സോണിയ മാപ്പപേക്ഷിക്കണമെന്നു രാജസ്ഥാനിലെ പൊതുപരിപാടിയിൽ അമിത് ഷാ ആവശ്യപ്പെട്ടു.എന്നാൽ ‘തന്റെയും മുതലാളിയുടെയും’ പരാജയങ്ങളിൽ ശ്രദ്ധ തിരിക്കാനാണ് അമിത് ഷായുടെ ശ്രമമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. രാജ്യസഭയിൽ ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ചയാളാണ് അമിത് ഷാ. ത്രിവർണ പതാക ഉയർത്താൻ പാടില്ലെന്ന് 2002 വരെ ചിന്തിച്ചിരുന്ന പ്രത്യയശാസ്ത്രമായിരുന്നു അമിത് ഷായുടേത്. സമാധാനപരമായി പ്രതിഷേധിച്ച യുവാക്കളെ ക്രൂരമായി കൈകാര്യം ചെയ്തയാളാണ് അദ്ദേഹമെന്നും കോൺഗ്രസ് വിമർശിച്ചു.
ഇന്ത്യയുടെ പരമാധികാരത്തിലും അഖണ്ഡതയിലും വിശ്വസിക്കുന്നവർക്ക് വന്ദേമാതരം ആലപിക്കുമ്പോൾ രോഷം തോന്നുമോയെന്ന് ബിജെപി ചോദിച്ചു. തലച്ചോറിൽ നക്സൽ ചിന്തയുമായി നടക്കുന്നവരുടെ മാനസികാവസ്ഥ മൂലമാണ് കോൺഗ്രസ് നേതാക്കൾ ദേശീയഗീതത്തെ എതിർക്കുന്നതെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി വിമർശിച്ചു. വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിന്മുറക്കാരനും ബിജെപി എംഎൽഎയുമായ സുമിത്രോ ചാറ്റർജി സോണിയ ഗാന്ധിക്ക് കത്തെഴുതി.
കോൺഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണു വന്ദേമാതരം പൂർണമായി ആലപിച്ചത്. ഇതൊഴിവാക്കാൻ സോണിയ ഇടപെട്ടുവെന്നാണ് ആരോപണം. എന്നാ‍ൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ഇരിക്കാൻ സോണിയ ഗാന്ധി കസേര ആവശ്യപ്പെട്ടതിനെ തെറ്റായി വ്യാഖ്യാനിച്ചതാണ് എന്നാണു കോൺഗ്രസ് നൽകിയ വിശദീകരണം.
∙ സോണിയയ്ക്കെതിരെ പരാതി
വന്ദേമാതരം വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നടപടിയാവശ്യപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി. ഹിന്ദു സേന മേധാവി വിഷ്ണു ഗുപ്ത ഡൽഹി പൊലീസ് കമ്മിഷണർക്കു പരാതി നല്‍കി. കർണാടകയിൽ ഉർവ, മംഗളൂരു പൊലീസ് സ്റ്റേഷനുകളിലും പരാതിയുണ്ട്.