Headlines

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’: കേസ് അട്ടിമറിയില്‍ എഡിജിപി M R അജിത് കുമാറിന്റെ ഓഫീസിലേക്കും SIT അന്വേഷണം

 

തിരുവനന്തപുരം: ആലപ്പുഴയില്‍ നവകേരള യാത്രക്കിടെ മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ഉള്‍പ്പടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ മര്‍ദ്ദന കേസില്‍ എസ്‌ഐടി അന്വേഷണം എഡിജിപിയുടെ ഓഫീസിലേക്കും. കേസ് അട്ടിമറിയിലാണ് അന്വേഷണം എം ആര്‍ അജിത് കുമാറിന്റെ ഓഫീസിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.

 

അജിത് കുമാറിന്റെ ഓഫീസിലെ മുന്‍ ജീവനക്കാരുടെ മൊഴി എടുക്കും. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കാനാണ് തീരുമാനം. മര്‍ദ്ദനത്തിന് ഉപയോഗിച്ച ലാത്തികള്‍ കണ്ടെത്തി ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കാനും തീരുമാനമുണ്ട്. പ്രതികളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ എസ്‌ഐടി പരിശോധിച്ച് വരികയാണ്. മര്‍ദ്ദനത്തിന് നിര്‍ദേശമുണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നത്.

 

കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നിരുന്നു. വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസാണെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പ്രതികളെ രക്ഷിക്കാന്‍ കേസ് ഡയറി തന്നെ അട്ടിമറിച്ചു. തെറ്റായ നറേറ്റീവ് സൃഷ്ടിക്കാന്‍ വ്യാജ രേഖകള്‍ ചമച്ചുവെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയിലാണ് അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കുന്നത്.പൊലീസ് ഫോട്ടോഗ്രാഫറുടെ ദൃശ്യങ്ങള്‍ ലഭ്യമായി എന്ന റഫര്‍ റിപ്പോര്‍ട്ടിലെ പ്രസ്താവന കള്ളമാണ്. പൊലീസ് ഫോട്ടോഗ്രാഫര്‍ മര്‍ദനം പകര്‍ത്തിയിട്ടില്ല എന്ന് മൊഴി നല്‍കിയിട്ടുണ്ട്. റഫര്‍ റിപ്പോര്‍ട്ടില്‍ പൊലീസ് ഫോട്ടോഗ്രാഫര്‍ ദൃശ്യം പകര്‍ത്തി എന്ന കാര്യം വ്യാജമായി രേഖപ്പെടുത്തിയെന്നും എസ്‌ഐടി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആലപ്പുഴ സെഷന്‍സ് കോടതിയിലായിരുന്നു എസ്‌ഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം കേസില്‍ ഗ്രേഡ് എസ്‌ഐമാര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ഉണ്ടായേക്കുമെന്നാണ് വിവരം.