കോട്ടയം ∙ രാജ്യാന്തര ഓർത്തഡോക്സ് ആരാധന സംഗീത മത്സരത്തിൽ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ ഭാഗമായ ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സുമോറോ ക്വയറിനു രണ്ടാം സ്ഥാനം. പോളണ്ടിലെ ഹയ്നൗക്ക ഓർത്തഡോക്സ് പള്ളിയിൽ നടന്ന ആരാധന സംഗീത മത്സരത്തിൽ 30 രാജ്യങ്ങളിൽ നിന്നും 54 ഗായക സംഘങ്ങളാണ് പങ്കെടുത്തത്. സംഗീത ഉപകരണങ്ങളില്ലാതെ അക്കപ്പേള രീതിയിലാണ് മത്സരം നടന്നത്. രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഏക ക്വയറാണ് സുമോറോ. ഡോ. എം.പി.ജോർജ് കോറെപ്പിസ്കോപ്പയാണ് ഗായക സംഘത്തിനു നേതൃത്വം നൽകിയത്.
മത്സരത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ ഗാനമാലപിക്കാനും സുമോറോയ്ക്ക് മാത്രമാണ് ക്ഷണം കിട്ടിയത്. 45 വർഷങ്ങൾക്കു മുൻപാണ് അക്കപ്പേള രീതിയിലുള്ള ആരാധന സംഗീത മത്സരം പോളണ്ടിൽ ആരംഭിച്ചത്. 2000–ത്തിൽ ഡോ. എം.പി.ജോർജ് കോറെപ്പിസ്കോപ്പ നയിച്ച ടീമിനും ഒന്നാം സ്ഥാനവും 2002ൽ ടീമിനു മൂന്നാം സ്ഥാനവും ലഭിച്ചിരുന്നു. മലയാളം ഇംഗ്ലിഷ്, സുറിയാനി ഭാഷകളിൽ 8 ആരാധന ഗീതങ്ങളാണ് ആലപിച്ചതെന്നു ഡോ. എം.പി.ജോർജ് കോറെപ്പിസ്കോപ്പ പറഞ്ഞു.







