പ്രശസ്ത സംഗീത സംവിധായകന്‍ കെ. ബാബുരാജ് അന്തരിച്ചു

 

മലപ്പുറം: പ്രശസ്ത സംഗീത സംവിധായകൻ പൂക്കോട്ടൂർ അറവങ്കര കൊറളിക്കാട് ബാബുരാജ് (53)​ അന്തരിച്ചു. ഹൃദ്രോഗ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്നലെ വൈകീട്ട് അഞ്ചോടെ അറവങ്കരയിലെ തറവാട്ടു ശ്മശാനത്തില്‍ സംസ്കരിച്ചു.

നിരവധി പ്രശസ്ത ഗായകർ ബാബുരാജ് ഈണം നൽകിയ പാട്ടുകൾ പാടിയിട്ടുണ്ട്. യൂസഫലി കേച്ചേരി, കെ ജയകുമാർ, കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവരുടെ വരികൾക്ക് ബാബുരാജ് ഈണം നൽകി. ദേവഗീതം, സായി വന്ദന, തേനിശൽ, ദേവി വരദായിനി, ജയജയ ഭൈരവി തുടങ്ങിയ സംഗീത ആൽബങ്ങൾ ബാബുരാജിന്റേതായുണ്ട്.

രാഷ്‌ട്രപതി ആയിരിക്കെ ഡോ.എ.പി.ജെ. അബ്​ദുല്‍ കലാമി​ന്റെ ‘എര്‍ത്ത് ഷൈനിങ്​ ഇന്‍ ഗ്ലോറി’ എന്ന കവിതക്ക്​ നല്‍കിയ സംഗീതം ഇഷ്​ടപ്പെട്ട കലാം ഒപ്പിട്ട് അഭിനന്ദനക്കത്ത് അയച്ചിരുന്നു. ഭാര്യ: ശാന്തി രാജ് (എം.എസ്.പി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മലപ്പുറം). മക്കള്‍: ഗോകുല്‍ കൃഷ്ണന്‍, ദേവി പ്രിയ (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: അനില്‍കുമാര്‍, സതീശ് കുമാര്‍, പരേതനായ ചന്ദ്രന്‍.