ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ നടൻ ജയറാം കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരായി. കഴിഞ്ഞ 38 വർഷമായി കേരളത്തിൽ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളിൽ പല പരിപാടികളിൽ ആദ്യം ക്ഷണിക്കുന്നത് തന്നെയാണ്. അവിടേക്ക് പോകാറുമുണ്ട്. അത്തരത്തിലാണ് ഇതിനും പോയത്. ഈ സംഭവത്തിന് പിന്നിൽ എന്തെങ്കിലും കള്ളത്തരം നടന്നിട്ടുണ്ടെങ്കിൽ അതെല്ലാം അന്വേഷിക്കാൻ കോടതിയും അതുമായി ബന്ധപ്പെട്ട ആളുകളും പിന്നിലുണ്ട്,എന്നിൽ നിന്നും കേസുമായി ബന്ധപ്പെട്ട് ഉപകാരപ്രദമായ എന്തെങ്കിലും ഒരു കാര്യം ലഭിച്ചാൽ അത് അന്വേഷണ സംഘത്തിന് സഹായമാകും. സത്യം വെളിച്ചത്ത് കൊണ്ടുവരണം അതിനായിട്ടാണ് തന്നെയും ഇ ഡി വിളിപ്പിച്ചിട്ടുള്ളത്. സ്വർണക്കൊള്ള കേസിൽ ആരെങ്കിലും കുടുങ്ങാൻ ഉണ്ടെങ്കിൽ അവരെല്ലാം കുടുങ്ങട്ടെ. കഴിഞ്ഞ 50 വർഷമായി ശബരിമലയിൽ മുടങ്ങാതെ പോകുന്നയാളാണ് താൻ സത്യം വെളിച്ചത് കൊണ്ടുവരേണ്ടത് തന്റെ കൂടി കടമയാണെന്നും പറയാനുള്ളതെല്ലാം ഇഡി ഉദ്യോഗസ്ഥർക്ക് മുന്നിൽ പറയുമെന്നും ജയറാം പ്രതികരിച്ചു.ശബരിമല മലയാളികളെ സംബന്ധിച്ച് പ്രത്യേക വികാരമാണ്. എത്രയോ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ശബരിമല ഓരോ ഭാരതീയനേയും സംബന്ധിച്ച് പുണ്യ സ്ഥലമാണ്. ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിൽ സത്യം 100% വെളിച്ചത്തു കൊണ്ടുവരണം. അതിൽ ബന്ധപ്പെട്ടിട്ടുള്ളവരെ വെളിച്ചത്തു കൊണ്ടുവരാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ആ മലയാളികളുടെ കൂട്ടത്തിൽ പെട്ട ആളാണ് താനും എന്ന് ജയറാം പറഞ്ഞു.സാക്ഷി എന്ന നിലയിലാണ് ജയറാമിനെ ചോദ്യം ചെയ്യുക. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളുണ്ടോ എന്നതിലാണ് അന്വേഷണം. നേരത്തെ ജയറാമിൽ നിന്ന് എസ്ഐടി വിവരങ്ങൾ തേടിയിരുന്നു.ദീർഘ കാലമായുള്ള സൗഹൃദം മാത്രമാണ് പോറ്റിയുമായുള്ളതെന്നും ഒരു രൂപയുടെ പോലും പണമിടപാട് ഇല്ലെന്നുമാണ് എസ്ഐടിക്ക് ജയറാം മൊഴി നൽകിയത്. ഇടനിലക്കാരൻ കൽപ്പേഷും ഇഡി ഓഫീസിൽ ഹാജരായിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ള; മൊഴി നൽകാൻ നടൻ ജയറാം ഇ ഡി ഓഫീസിൽ ഹാജരായി








