Headlines

13 സീറ്റുകളെങ്കിലും എല്‍ഡിഎഫിനോട് ചോദിക്കും, കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ട്: ജോസ് കെ മാണി

നിരവധി അഭ്യൂഹങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുമിടെ മുന്നണിമാറ്റം കേരള കോണ്‍ഗ്രസ് എം തുറക്കാത്ത അധ്യായമെന്ന് വ്യക്തമാക്കി ജോസ് കെ മാണി. യുഡിഎഫ് തങ്ങളെ ചവിട്ടിപ്പുറത്താക്കിയപ്പോള്‍ ചേര്‍ത്ത് പിടിച്ചത് എല്‍ഡിഎഫും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന് ജോസ് കെ മാണി പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ 13 സീറ്റുകള്‍ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ ആവശ്യപ്പെടുമെന്നും കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. (jose k mani says kerala congress m will not leave ldf).പ്രതിപക്ഷം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഇടപെടല്‍ നടക്കാന്‍ ഒരു ഘടകകക്ഷി എന്ന നിലയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് സാധിച്ചെന്ന് ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. മനുഷ്യ വന്യജീവി സംഘര്‍ഷത്തിലും ബഫര്‍ സോണ്‍ വിഷയത്തിലും കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട വിഷയത്തിലും നിര്‍ണായക ഇടപെടലുകള്‍ പാര്‍ട്ടിക്ക് നടത്താനായെന്നും അദ്ദേഹം എടുത്ത് പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിനെതിരെ പലയിടങ്ങളില്‍ നിന്നും ഉയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ജോസ് വ്യക്തമാക്കിയത്.ഇന്ന് കോട്ടയത്ത് ചേര്‍ന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്കില്ലെന്ന ഉറച്ച നിലപാടെടുത്തത്. എല്‍ഡിഎഫ് വിട്ടുപോകില്ലെന്ന നിലപാട് ജോസ് കെ മാണി കഴിഞ്ഞ ദിവസങ്ങൡ മാധ്യമങ്ങളോട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നെങ്കിലും അഞ്ച് എംഎല്‍എമാരുടെ നിലപാടാണ് തലവേദനയുണ്ടാക്കിയിരുന്നത്. ഇവരെ ജോസ് കെ മാണി വിളിച്ച് സംസാരിക്കുകയും സമവായമുണ്ടാക്കുകയും ചെയ്‌തെന്നാണ് വിവരം. സ്റ്റിയറിങ് കമ്മിറ്റിയില്‍ അംഗങ്ങള്‍ ജോസിന് നൂറ് ശതമാനം പിന്തുണ അറിയിച്ചതായാണ് വിവരം. ചെയര്‍മാന്‍ എന്ത് നിലപാടെടുക്കുന്നോ അതിനൊപ്പം അണിനിരക്കുമെന്ന് അംഗങ്ങള്‍ വ്യക്തമാക്കുകയായിരുന്നു.