Headlines

ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാർ മടങ്ങിയെത്തി

സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി തുടരുന്ന ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാർ മടങ്ങി എത്തി. രണ്ട് വിമാനങ്ങളിലായാണ് പൗരന്മാർ ഡൽഹിയിൽ മടങ്ങിയെത്തിയത്. സ്വന്തം നിലയിലാണ് ഇന്ത്യൻ പൗരന്മാർ തിരിച്ചെത്തിയത്.ഇതിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾ ആണെന്നെന്ന് എന്നാണ് വിവരം. പതിവ് ഷെഡ്യൂൾ ചെയ്തിട്ടുള്ള വിമാന സർവീസുകളിലാണ് മടങ്ങിയെത്തിയത്.ഇറാനിലെ ഇന്ത്യൻ പൗരന്മാരോട് ഇറാൻ വിടണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു. ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നുമായിരുന്നു നിർദേശം. സംഘർഷം നടക്കുന്ന മേഖലകൾ ഒഴിവാക്കി വേണം യാത്ര ചെയ്യാനെന്നും പൗരന്മാരോട് എംബസി നിർദേശിച്ചിരുന്നു.

പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉള്ള സ്ഥലങ്ങൾ ഒഴിവാക്കണമെന്നും ഇറാനിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണമെന്നും എന്തെങ്കിലും സംഭവവികാസങ്ങൾക്കായി പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും നിർദ്ദേശത്തിൽ പറഞ്ഞിരുന്നു.

സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെ ഇറാനിൽ ഡിസംബർ 28ന് ആരംഭിച്ച പ്രതിഷേധങ്ങൾ പിന്നീട് ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം ഇറാൻ കണ്ട ഏറ്റവും വലിയ ആഭ്യന്തര കലാപമായി ഇത് മാറി. റിപ്പോർട്ടുകൾ പ്രകാരം മൂവായിരത്തോളം ആളുകൾ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. വധശിക്ഷയുമായി മുന്നോട്ട് പോയാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് നേരത്തെ ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു.