ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം പതിനൊന്നാം ദിവസത്തിലേക്ക്. പ്രക്ഷോഭത്തിൽ മരണം 36 ആയി. ടെഹ്‌റാനിലെ ഗ്രാൻഡ് ബസാറിൽ ധർണ നടത്തിയ പ്രതിഷേധക്കാരെ സൈന്യം അക്രമാസക്തമായി നേരിട്ടു. നിരവധി പേർക്ക് പരിക്ക്. ഇന്നലെ ഇറാനിലെ 88 നഗരങ്ങളിൽ 257 സ്ഥലങ്ങളിൽ സർക്കാർ വിരുദ്ധ പ്രകടനങ്ങൾ നടന്നു. പ്രക്ഷോഭം രാജ്യത്തെ സാമ്പത്തികാവസ്ഥ കൂടുതൽ മോശമാക്കുമെന്നും സംയമനം പാലിക്കണമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു.ഇറാനിൽ പണപ്പെരുപ്പവും കറൻസി തകർച്ചയുമാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടയാക്കിയത്. പ്രക്ഷോഭത്തിൽ 60-ലധികം പ്രതിഷേധക്കാർക്ക് പരിക്കേറ്റതായും 2,076 പേരെ അറസ്റ്റ് ചെയ്തതായും ള്ള മനുഷ്യാവകാശ പ്രവർത്തകരുടെ വാർത്താ ഏജൻസി അറിയിച്ചു. ഡിസംബർ 28 നാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. യുഎസ് ഡോളറിനെതിരെ ഇറാനിയൻ കറൻസിയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞതിൽ രോഷം പ്രകടിപ്പിച്ച് കടയുടമകൾ തലസ്ഥാനത്തെ തെരുവിലിറങ്ങിയതോടെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.കറൻസി കൂടുതലായി അച്ചടിച്ച് വിതരണം ചെയ്യുന്നത് പരിഗണനയിലെന്നും പെസഷ്‌കിയാൻ. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി രാജ്യം വിടാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യയിലെ ഇറാൻ എംബസി. റഷ്യയിലേക്ക് 20 കുടുംബാംഗങ്ങൾക്കൊപ്പം ഖമനയി പോകാനൊരുങ്ങുന്നുവെന്നായിരുന്നു റിപ്പോർട്ട്.
ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം പതിനൊന്നാം ദിവസത്തിലേക്ക്; മരണം 36 ആയി





