Headlines

‘ഒന്നിക്കണമെങ്കില്‍ ഒന്നിക്കും; നിലവില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല’; വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തോട് യോജിച്ച് ജി സുകുമാരന്‍ നായര്‍

എന്‍എസ്എസുമായി ഒരുമിക്കണമെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തോട് യോജിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഒന്നിക്കണമെങ്കില്‍ ഒന്നിക്കും. നിലവില്‍ ഒരു ചര്‍ച്ചകളും നടന്നിട്ടില്ലെന്നും ജി സുകുമാരന്‍ നായര്‍ ട്വന്റിഫോറിനോട് പറഞ്ഞു. (G Sukumaran Nair support Vellappally Natesan).ഞങ്ങള്‍ക്ക് എന്‍എന്‍ഡിപിയുമായിട്ട് നിലവില്‍ അഭിപ്രായ ഭിന്നതയൊന്നുമില്ല. അദ്ദേഹം നമ്മളോടൊന്നും സംസാരിച്ചിട്ടില്ല. വെള്ളാപ്പള്ളി നടേശനെ രാഷ്ട്രീയ നേതാക്കള്‍ മോശമായി പറയുന്നത് ശരിയല്ല. ഇത്രയും പ്രായമായ നേതാവിനെ വിലകുറഞ്ഞ രീതിയില്‍ രാഷ്ട്രീയ നേതാക്കള്‍ ആക്ഷേപിക്കുന്നു. എല്ലാവരും ഒന്നിക്കുന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ശരിയാണ്. ഒന്നിക്കണമെങ്കില്‍ ഒന്നിക്കും. മുന്‍പ് എസ്എന്‍ഡിപിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ല. നിലവില്‍ ഒന്നിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല – അദ്ദേഹം പറഞ്ഞു.എന്‍എസ്എസിനേയും എസ്എന്‍ഡിപിയേയും തമ്മില്‍ തല്ലിച്ചത് യുഡിഎഫ് എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇനി എന്‍എസ്എസുമായി കലഹമില്ലെന്നും സമരസപ്പെടുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നായാടി മുതല്‍ നസ്രാണി വരെ ഒരുമിച്ച് നില്‍ക്കേണ്ട കാലമാണിതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എന്‍എസ്എസുമായി എന്തിനാണ് ഞങ്ങള്‍ യുദ്ധം ചെയ്യുന്നത്. അവരുമായി പിണങ്ങിയിട്ട് എന്ത് കാര്യം. പിണങ്ങിയിട്ട് എന്തുകിട്ടി. അവരുമായിട്ട് യുദ്ധം ചെയ്തിട്ടെന്തുകാര്യം. കുരങ്ങനെക്കൊണ്ട് ചുടുചോറ് മാന്തിക്കുകയല്ലേ ചെയ്തത് – അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉന്നയിച്ചത്. വര്‍ഗീയ വാദികള്‍ക്ക് കുടപിടിച്ച് ആ തണലില്‍ നില്‍ക്കുന്നയാളാണ് വിഡി സതീശന്‍. വിഡി സതീശന്റേത് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവ് നയമെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.

അയാളെയൊക്കെ ഊളംപാറയിലേക്ക് അയക്കണ്ടേ. ഏറ്റവും വര്‍ഗീയവാദികളായ ആളുകള്‍ക്ക് കുടപിടിച്ചു കൊടുത്തുകൊണ്ട്, ആ കുടയുടെ തണലില്‍ അവരെ സംരക്ഷിച്ച് നിര്‍ത്തുകയാണ്. അവരില്‍ നിന്നുള്ള ആനുകൂല്യം നേടാനും ആശിര്‍വാദങ്ങള്‍ നേടാനും വേണ്ടിയാണ് ഈ കുടപിടുത്തം. രാജാവിനേക്കാള്‍ വലിയ രാജഭക്തിയല്ലേ കാണിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം അദ്ദേഹത്തിന്റെ പല സ്ഥാനങ്ങളും കിട്ടാന്‍ വേണ്ടിയിട്ടുള്ള അടവ് നയം എന്നാണ് വ്യക്തമാക്കുന്നത് – വെള്ളാപ്പള്ളി പറഞ്ഞു.