കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFK) മുപ്പതാം എഡിഷനില്‍ പ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കപ്പെട്ട 19 സിനിമകള്‍ക്ക് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ‘സെന്‍സര്‍ ഇളവ്’ (Censor Exemption) ലഭിക്കാത്തതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധിയില്‍ ശക്തമായ നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. മുന്‍നിശ്ചയിച്ച പ്രകാരം മുഴുവന്‍ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് നിര്‍ദ്ദേശം നല്‍കി.
കേന്ദ്ര നടപടി മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുന്ന ഐഎഫ്എഫ്‌കെയില്‍ അസാധാരണ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്, മുന്‍കൂര്‍ ഷെഡ്യൂള്‍ ചെയ്ത പ്രകാരം എല്ലാ സിനിമകളും മുപ്പതാമത് ഐഎഫ്എഫ്‌കെയില്‍ മുടക്കമില്ലാതെ പ്രദര്‍ശിപ്പിക്കുന്നതിന് ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടിക്കും സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയത്. ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയില്‍ 12,000-ത്തിലധികം ഡെലിഗേറ്റുകളും വിദേശത്തുനിന്നടക്കം 200-ഓളം ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്.






