Headlines

‘നന്ദകുമാറിനെ എങ്ങനെയും തകർക്കണം’; സിനിമാ തിരക്കഥയെ വെല്ലുന്ന ചാല സ്വർണക്കവർച്ച; ആദ്യശ്രമം പരാജയപ്പെട്ടത് ജ്വല്ലറി ഉടമ നേരത്തേ കട പൂട്ടി ഇറങ്ങിയതിനാൽ

തിരുവനന്തപുരം ∙ സിനിമാ തിരക്കഥയെ വെല്ലുന്ന രീതിയിലാണു ചാലയിലെ സ്വർണ കവർച്ചക്കേസ്. മദ്യപിക്കുന്നതിനിടെയുണ്ടായ ആശയം പിന്നീട് നടപ്പാക്കുകയായിരുന്നു. സംഭവത്തിനു 2 ദിവസം മുൻപ് മോഷണത്തിനായി സംഘം ശ്രമിച്ചെങ്കിലും അന്നു ജ്വല്ലറി ഉടമ നന്ദകുമാർ നേരത്തേ കട പൂട്ടി ഇറങ്ങിയതിനാൽ ശ്രമം വിജയിച്ചില്ല. ഇതു ട്രയൽ റൺ ആയിരുന്നോയെന്നും പൊലീസ് സംശയിക്കുന്നു. കവർച്ച നടന്ന ദിവസം നന്ദകുമാർ 10.30 കഴിഞ്ഞാണു ഇറങ്ങുന്നത്. പ്രതിപ്പട്ടികയിലുള്ള ജ്വല്ലറി നടത്തിപ്പുകാരൻ അമോൽ അന്നു നന്ദകുമാറിന്റെ കടയിൽ സ്വർണം വിൽക്കാനെത്തി. അമോലാണ് നന്ദകുമാർ കടയടയ്ക്കുന്നതു വൈകിച്ചത്. ഇതു ജ്വല്ലറിയിലെ സിസി ടിവി ദൃശ്യത്തിൽ നിന്നു പൊലീസിനു വ്യക്തമായി.

ദിവസവും നന്ദകുമാർ വീട്ടിൽ പോകുമ്പോൾ വളരെയധികം സ്വർണം കയ്യിൽ കരുതുമായിരുന്നു. ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ പിന്നീടുള്ള ദിവസങ്ങളിൽ നിരീക്ഷണം തുടർന്നു. നന്ദകുമാർ കടയിൽ നിന്ന് ഇറങ്ങുന്ന സമയം, പതിവായി വീട്ടിലേക്കു പോകുന്ന വഴി, ഈ വഴിയിൽ തിരക്ക് കുറവുള്ള സ്ഥലം, സിസി ടിവി ക്യാമറയില്ലാത്ത മേഖല എന്നിവയെല്ലാം ഇവർ നോക്കിവച്ചിരുന്നു. ചാലയിലെ മുക്കുംമൂലയും അറിയാവുന്നയാളാണു പ്രതി അനൂപ് രാജെന്നും പൊലീസ് പറഞ്ഞു.

‘നന്ദകുമാറിനെ എങ്ങനെയും തകർക്കണം’
ജയറാമിന്റെ മാളവിക ജ്വല്ലറിയിൽ മദ്യസൽക്കാരത്തിനിടെ നടന്ന ചർച്ചകളാണു കവർച്ചയുടെ ആസൂത്രണത്തിന് വഴിയൊരുക്കിയത്. നന്ദകുമാറിന്റെ ബിസിനസിനു തിരിച്ചടി ഉണ്ടാക്കണമെന്ന ലക്ഷ്യത്തിൽ തുടങ്ങിയ ആലോചനയിൽ അമോലും അനൂപും പങ്കാളികളായി. തുടർന്നാണ് അനൂപ്, അനിലിനെ കവർച്ചാ സംഘത്തിലേക്കു കൊണ്ടുവന്നത്.

കവർച്ചയ്ക്കു ശേഷം പൊലീസ് അന്വേഷണം ശക്തമാക്കിയ വെള്ളിയാഴ്ചയും അമോലും ജയറാമും മാളവിക ജ്വല്ലറിയിൽ ഒത്തുചേർന്നിരുന്നു. വൈഷ്ണവി ജ്വല്ലറിയിൽ പൊലീസ് പരിശോധന നടത്തുമ്പോഴും അമോൽ, ജയറാമിനൊപ്പം മാളവിക ജ്വല്ലറിയിൽ ഉണ്ടായിരുന്നു. അവിടെനിന്ന് അന്വേഷണത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. അന്വേഷണം തങ്ങളിലേക്കെത്തില്ല എന്നായിരുന്നു ഇരുവരുടെയും പ്രതീക്ഷ.അമോൽ കസ്റ്റഡിയിലായപ്പോഴും ജയറാമിന്റെ പങ്ക് പൊലീസിനു വ്യക്തമായിട്ടില്ലെന്ന പ്രതീതി ഉണ്ടാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി. കൃഷ്ണ തന്ത്രപരമായ സമീപനം സ്വീകരിച്ചു. അമോൽ കുറ്റം സമ്മതിക്കില്ലെന്നും തന്റെ പങ്ക് വെളിപ്പെടുത്തില്ലെന്നുമായിരുന്നു ജയറാമിന്റെ കണക്കുകൂട്ടൽ. എന്നാൽ ഇരുവരും പിടിയിലായതോടെ ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്തുവന്നു. ഇതോടെയാണ് ജയറാമിന്റെ പങ്കും വ്യക്തമായത്.

ക്രിമിനൽ കേസ് പ്രതികൾ
കവർച്ച നടത്താൻ സഹായിച്ച 2 പ്രതികൾ ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണ്. മണക്കാട് സത്യൻ നഗർ സ്വദേശി അനിൽ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ദിലീപ് വിളപ്പിൽശാല സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. മറ്റൊരു പ്രതിയായ ജ്വല്ലറി ഉടമ ജയറാമിന്റെ പേരിൽ ഫോർട്ട് സ്റ്റേഷനിൽ വഞ്ചന കേസുകളുണ്ട്. സ്വർണാഭരണങ്ങളിലെ തിരിമറിയും തൂക്കത്തിലെ കുറവും സംബന്ധിച്ച് ഇയാൾക്കെതിരെ പല പരാതികൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.

പ്രതികളെ കുടുക്കിയത് ഇങ്ങനെ
തിരുവനന്തപുരം ∙ സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി.കൃഷ്ണയുടെ നേതൃത്വത്തിൽ ഫോർട്ട് എസിപി കെ.പ്രദീപ്, സിഐ ആർ.എസ്.ശ്രീകാന്ത്,രഹസ്യ വിഭാഗം സംഘങ്ങൾ ഉൾപ്പെടെയുള്ള എസ്ഐടിയാണു പ്രതികളെ 48 മണിക്കൂറിനുള്ളിൽ പിടികൂടിയത്.

∙ സംശയിക്കുന്നവരുടെ പട്ടിക രഹസ്യ വിഭാഗത്തിന്റെയും അന്വേഷണ സംഘത്തിന്റെയും സഹായത്തോടെ തയാറാക്കി. കവർച്ചയ്ക്കുപയോഗിച്ച ബൈക്ക് കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. ബൈക്ക് നമ്പർ പ്രതികൾ മാറ്റിയിരുന്നില്ല. ഇതു വഴിയാണു അന്വേഷണം ആരംഭിച്ചത്.

∙ 5 വർഷത്തിനിടെ പുറത്തിറങ്ങിയ പ്രത്യേക മോഡൽ ബൈക്കാണെന്നു കണ്ടെത്തി. തിരുവനന്തപുരത്ത് ഏകദേശം 300 പേരുടെ കൈവശം മാത്രമാണുണ്ടായിരുന്നത്. തലസ്ഥാന ജില്ലയിൽ ഈ ബൈക്ക് വിൽക്കുന്ന ഏക സ്ഥാപനം കണ്ടെത്തി. ഈ ബൈക്ക് വിൽക്കുന്ന സ്ഥാപനത്തിൽ നിന്നു വാങ്ങിയവരുടെ പട്ടിക ശേഖരിച്ചു.12 പേരടങ്ങുന്ന പൊലീസ് സംഘം പരിശോധിച്ചു. ഇതോടെ ബൈക്കിന്റെ ഉടമ അനിലാണെന്നു സ്ഥിരീകരിച്ചു.

∙ തുടർന്ന് അനിലിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോൾ ഒന്നാം പ്രതി അനൂപ് രാജിനെ പലതവണ ബന്ധപ്പെട്ടതായി കണ്ടെത്തി. ഇതോടെ അനൂപ് രാജിന്റെ പങ്കും വ്യക്തമായി.

∙ കവർച്ചയ്ക്കു പിന്നാലെ പ്രതികൾ ബൈക്കിൽ തിരുമലയിലെത്തി. മുൻപു പദ്ധതിയിട്ടിരുന്നതു പ്രകാരം സുഹൃത്തും വിളപ്പിൽശാല പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിലുള്ളയാളുമായ ദിലീപ് അവിടെ കാറുമായി കാത്തുനിന്നു.

∙ ദിലീപിന്റെ കാറിൽ പ്രതികളെ പള്ളിച്ചലിൽ എത്തിച്ചു. അവിടെനിന്ന് അനൂപ് രാജ് ഏർപ്പാടാക്കിയ മറ്റൊരു കാറിൽ നാഗർകോവിൽ, മധുര വഴി ബംഗളൂരുവിലേക്കു കടന്നു.

∙ പ്രതികൾക്കു സഹായം നൽകാൻ അഞ്ചാം പ്രതിയായ ശ്രാവൺ നേരത്തേ ബെംഗളൂരുവിലുണ്ടായിരുന്നു. 4 പ്രതികളിൽ ഒരാളുടെ ഫോൺ ബെംഗളൂരുവിലെത്തിയ ശേഷം ഓണായതോടെ പ്രത്യേക അന്വേഷണസംഘം അങ്ങോട്ടുതിരിച്ചു. ഇതിനിടെ ഇവർ സ‍ഞ്ചരിച്ച കാറിന്റെ നമ്പർ കണ്ടെത്തിയിരുന്നു.

∙ പ്രതികൾ സഞ്ചരിച്ച കാറിന്റെ യാത്ര പൊലീസ് പിന്തുടർന്നു. കർണാടകയിലെ ടോൾ ബൂത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു പ്രതികൾ സഞ്ചരിച്ച കാർ കടന്നു പോയതായി കണ്ടെത്തി.

∙ ബെംഗളൂരുവിൽ നിന്നു ഗുണ്ടൽപേട്ട് വഴി പ്രതികൾ നീങ്ങുന്നതിനിടെ മോഷ്ടിച്ച സ്വർണം 3 ഇടങ്ങളിലായി ഒളിപ്പിച്ചു.