Headlines

മരംകൊള്ളയ്ക്ക് വഴിയൊരുക്കുമെന്ന വിമര്‍ശനം; പിന്നാലെ വിവാദ ഉത്തരവ് പിന്‍വലിച്ച് വനംവകുപ്പ്

കോട്ടയം: പട്ടയ ഭൂമിയില്‍ നിന്നും മരങ്ങള്‍ മുറിക്കുന്നതിനുള്ള വിവാദ ഉത്തരവ് പിന്‍വലിച്ച് വനംവകുപ്പ്. കോട്ടയം സിസിഎഫിന്റെ ഉത്തരവാണ് വനംമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. വിവാദ ഉത്തരവില്‍ വിശദീകരണവുമായി സിസിഎഫ് വിനോദ്കുമാര്‍ ഡി. കെ രംഗത്ത് വന്നു. നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കുന്നില്ല എന്നായിരുന്നു ജനങ്ങളുടെ പരാതി. റെയ്ഞ്ച് ഓഫീസര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ടായിരുന്നു.അതിനാല്‍ റൂള്‍സ് വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയതാണെന്നും സിസിഎഫ് പറയുന്നു. (Forest Department withdraws controversial order )

ഒരു സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലായിരുന്നു മുട്ടില്‍മരംമുറിയെന്ന വലിയ വനംകൊള്ള നടന്നത്. ഇതിന് പിന്നാലെയാണ് തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയുള്ള ഉത്തരവ് സിസിഎഫ് പുറത്തിറക്കിയത്. കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഫോറസ്റ്റ് ഒക്ടോബര്‍ എട്ടിനാണ് ഉത്തരവിറക്കിയത്. മുള്ളരിങ്ങാട് യോഗത്തില്‍ ജനങ്ങളുടെ പരാതി ഉയര്‍ന്നെന്നും നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാന്‍ വകുപ്പ് അനുവദിക്കുന്നില്ല എന്ന് പരാതി ഉയര്‍ന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. പട്ടയഭൂമിയില്‍ നിന്നും പത്തിന സംരക്ഷിത മരങ്ങള്‍ ഒഴികെ മറ്റ് മരങ്ങള്‍ മുറിക്കാം എന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു വിവാദ ഉത്തരവ്.

വനം വകുപ്പ് മന്ത്രി വനം വകുപ്പ് മേധാവിക്ക് കര്‍ശമന നിര്‍ദ്ദേശം നല്‍കിയതോടെയാണ് ഉത്തരവ് പിന്‍വലിച്ചത്. ആഭ്യന്തര അന്വേഷണം ഉള്‍പ്പെടെ നടക്കാനും സാധ്യതയുണ്ട്.