ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ രണ്ട് വിവാദ ഉത്തരവുകള്‍ പിന്‍വലിച്ചു. മത്സ്യബന്ധന ബോട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന ഉത്തരവും കപ്പലുകളില്‍ സുരക്ഷ വര്‍ധിപ്പിച്ച ഉത്തരവുമാണ് പിന്‍വലിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്.
മെയ് 28നും ജൂണ്‍ രണ്ടിനുമാണ് ദ്വീപിലെ സുരക്ഷ വര്‍ധിപ്പിച്ചുള്ള ഉത്തരവ് നടപ്പാക്കിയത്. ഇതിന് പിന്നാലെ കപ്പലുകളുടെയും ബോട്ട് ജെട്ടികളുടെയും സുരക്ഷ ലെവല്‍ രണ്ടാക്കി ഉയര്‍ത്തി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിരുന്നു.
മീന്‍ പിടിത്ത ബോട്ടുകളില്‍ നിരീക്ഷണത്തിന് പോകണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ദ്വീപ് വാസികളും പ്രതിഷേധമുയര്‍ത്തിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന പോര്‍ട്ട് ഡയറക്ടര്‍ക്ക് കത്തയക്കുകയും ചെയ്തു. ഇതോടെയാണ് ഉത്തരവ് പിന്‍വലിച്ചത്. പോര്‍ട്ട് ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് മാത്രമാണ് പിന്‍വലിച്ചത്. യാത്രാ നിയന്ത്രണം അടക്കമുള്ള മറ്റ് വിവാദ ഉത്തരവുകള്‍ തുടരും.