Headlines

കേരള സർവകലാശാലയിൽ വീണ്ടും വിസിയുടെ പ്രതികാര നടപടി; രജിസ്ട്രാർ അനിൽ കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്

കേരള സർവകലാശാലയിൽ വീണ്ടും വിസിയുടെ പ്രതികാര നടപടി. രജിസ്ട്രാർ അനിൽ കുമാറിനെതിരെ വിസി ഡോ. മോഹനൻ കുന്നുമ്മൽ അന്വേഷണത്തിന് ഉത്തരവിട്ടു. സസ്പെൻഷൻ കാലത്ത് അനൗദ്യോഗികമായി ഫയലുകൾ തീർപ്പാക്കിയെന്നാണ് ആരോപണം. അനധികൃതമായി 522 ഫയലുകൾ തീർപ്പാക്കി എന്ന് രജിസ്ട്രാർ ഇൻ ചാർജ് വിസിക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അനിൽ കുമാർ തീർപ്പാക്കിയ ഫയലുകളുടെ വിശദവിവരങ്ങൾ അന്വേഷിക്കാൻ ജോയിൻ്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തി. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിലും അന്വേഷണം നടത്താൻ ഉത്തരവിൽ നിർദേശം. നാല് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആണ് വിസി ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ രജിസ്ട്രാറുടെ പിഎയെ മാറ്റിയിരുന്നു. രജിസ്ട്രാറുടെ ഓഫീസിലെ സെക്ഷൻ ഓഫീസറെയും മാറ്റി. കെ എസ് അനിൽകുമാറിന്റെ പേഴ്സണൽ അസിസ്റ്റൻായ അൻവർ അലിയെയെയാണ് മാറ്റിയത്. താത്കാലിക രജിസ്ട്രാർ ആയി വിസി നിയമിച്ച മിനി കാപ്പൻ ഒപ്പിട്ട ഫയലുകളിൽ സീൽ വയ്ക്കാൻ അൻവർ അലി വിസമ്മതിച്ചിരുന്നു. കെ എസ് അനിൽകുമാറിന്റെ നിർദ്ദേശങ്ങൾ മാത്രമായിരുന്നു പി എ അംഗീകരിച്ചത്.