Headlines

‘റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതായി അറിവില്ല’; ട്രംപിന്റെ അവകാശവാദം തള്ളി വിദേശകാര്യമന്ത്രാലയം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ഉറപ്പുലഭിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് മോദിയും ട്രംപും സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ട്രംപിന്റെ പ്രസ്താവന വിശ്വാസത്തിലെടുത്ത് പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് വിഷയത്തില്‍ വ്യക്തത വരുത്തി വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്. നരേന്ദ്രമോദിക്ക് ട്രംപിനെ ഭയം എന്നായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

ഇന്നലെ മോദിയും ട്രംപും തമ്മില്‍ സംസാരിച്ചതായി തനിക്ക് അറിവില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ട്രംപ് അവകാശപ്പെട്ടതുപോലെ റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങാതാരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിക്കുന്നില്ലെങ്കിലും അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തി മുന്നോട്ടുപോകാനാകുമെന്ന രാജ്യത്തിന്റെ പ്രതീക്ഷ അദ്ദേഹം പങ്കുവച്ചു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നില്ലെന്ന ഇന്ത്യയുടെ തീരുമാനം റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള നീക്കത്തില്‍ വലിയ ചുവടു വയ്‌പ്പെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. റഷ്യ എണ്ണ വാങ്ങുന്നതിനുള്ള പ്രതികാര നടപടിയായാണ് ഇന്ത്യയ്ക്കുമേല്‍ അമേരിക്ക കഴിഞ്ഞ ഓഗസ്റ്റില്‍ അധികതീരുവ ചുമത്തിയിരുന്നത്. കയറ്റുമതി ഉടന്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ല. അതിന് ഒരു ചെറിയൊരു പ്രക്രിയയുണ്ടെന്നും അധികം വൈകാതെ അത് അവസാനിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞിരുന്നത്.