അന്വേഷണ വിവരങ്ങൾ പുറത്തുവിടുന്നു: പോലീസിനും മാധ്യമങ്ങൾക്കും ഹൈക്കോടതിയുടെ അന്ത്യശാസനം

ക്രിമിനൽ കേസുകളുടെ അന്വേഷണ വിവരങ്ങൾ പുറത്തുവിടുന്ന മാധ്യമങ്ങൾക്കും പൊലീസിനും അന്ത്യശാസനം നൽകി ഹൈക്കോടതി. കോടതിയുടെ പരിഗണനയിലുള്ളതും അന്വേഷണം നടക്കുന്നതുമായ കേസുകളിൽ പ്രതികൾ പൊലീസിന് നൽകുന്ന മൊഴി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറ്റകരമാണന്നും കർശന നടപടി എടുക്കുമെന്നും ഹൈക്കോടതി താക്കീത് നൽകി.

 

കൂടത്തായി കേസിലെ മുഖ്യ പ്രതി ജോളിക്ക് ഒരു കേസിൽ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ മുന്നറിയിപ്പ് നൽകിയത്. തെളിവു നിയമത്തിലെ വകുപ്പ് 24പ്രകാരം പ്രതി പൊലീസിനു നൽകുന്ന കുറ്റസമ്മത മൊഴിയ്ക്കുള്ള മൊഴികൾ തെളിവായി കോടതി സ്വീകരിക്കില്ലന്ന് ചൂണ്ടിക്കാട്ടിയ കോടതി പൊലീസുദ്യോഗസ്ഥർക്കും മാധ്യമങ്ങൾക്കും ഇക്കാര്യം മനസിലായിട്ടില്ലന്നും വിശദീകരിച്ചു.

ഇത്തരം കേസുകളിൽ കോടതിയുടെ മാർഗനിർദേശമുണ്ടന്നും പാലിക്കാത്തവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കോടതിക്ക് അറിയാമെന്നും പറഞ്ഞു. മാധ്യമങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.