ഹാഥ്റസ് കേസ്: അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് സുപ്രീംകോടതി

ഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്റസിൽ ദളിത് യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ നടക്കുന്ന അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസിൽ ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം വിലയിരുത്തുന്നതിനോടൊപ്പം ഹാഥ്റസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിൻ്റെ സുരക്ഷിതത്വവും ഹൈക്കോടതി ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. അന്വേഷണം പൂ‍ർത്തിയായ ശേഷം കേസിൻ്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റുന്നത് ആലോചിക്കാമെന്നും കോടതി പറഞ്ഞു.

കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം എന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ യുപി സര്‍ക്കാര്‍ കോടതിയിൽ പിന്തുണച്ചിരുന്നു. കോടതിയുടെ നിർദ്ദേശാനുസരണം പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഏർപ്പെടുത്തിയതായും യുപി സർക്കാർ കോടതിയെ അറിയിച്ചിരുന്നു

അതേസമയം, തെളിവ് നശിപ്പിക്കാൻ ശ്രമിച്ച യുപി പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ചിട്ടുള്ള പൊതുതാത്പര്യ ഹർജികളും ഇന്ന് സുപ്രീം കോടതി പരിഗണിച്ചു. പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് നൽകാതെ, കാണാൻ പോലും അനുവദിക്കാതെ പാതിരാത്രിയിൽ പോലീസ് തന്നെ സംസ്കരിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പോലീസ് നടപടി തെളിവുകൾ നശിപ്പിക്കാനാണെന്ന് പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു