കോഴിക്കോട് അങ്കണവാടി കെട്ടിടത്തിൻ്റെ കോൺക്രീറ്റ് അടർന്നു വീണു; ആളപായമില്ല

കോഴിക്കോട് അങ്കണവാടിയുടെ കോൺക്രീറ്റ് പാളി അടർന്നു വീണു. പുതിയപാലം ചുള്ളിയിൽ അങ്കണവാടിയുടെ മേൽക്കൂരയുടെ കോൺക്രീറ്റാണ് അടർന്നു വീണത്. അങ്കണവാടിയിൽ കുഞ്ഞുങ്ങളും ടീച്ചറും എത്തുന്നതിനു മുൻപായിരുന്നു സംഭവം.

ടീച്ചർ എത്തി വാതിൽ തുറന്നപ്പോഴാണ് കോൺക്രീറ്റ് പാളികൾ അടർന്നുവീണത് കണ്ടത്. ടീച്ചറുടെ കസേരയിലും മേശപ്പുറത്തും കുട്ടികൾ ഇരിക്കുന്ന ഇടത്തുമെല്ലാം കോൺക്രീറ്റ് കഷ്ണങ്ങൾ വീണു. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പലതവണ കോർപ്പറേഷനിൽ പരാതി നൽകിയെങ്കിലും ഈ പരാതിയൊന്നും അധികൃതർ ഗൗരവത്തിൽ എടുത്തില്ലെന്നാണ് ആരോപണം. കോഴിക്കോട് കോർപറേഷനിലെ 35- ാം വാർഡിലാണ് അങ്കണവാടി സ്ഥിതിചെയ്യുന്നത്.

11 കുട്ടികളാണ് ഈ അങ്കണവാടിയിൽ പഠിക്കുന്നത്. കുട്ടികൾ ഇല്ലാത്ത സമയമായതിൽ വലിയ അപകടമാണ് ഒഴിവായത്.ഭീഷണി നിലനിൽക്കുന്നതിനാൽ എത്രയും പെട്ടെന്ന് കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് ആവശ്യം.