Headlines

പെരുമ്പാവൂർ താലൂക്ക് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; മേൽക്കൂരയുടെ ഒരു ഭാഗം കോൺക്രീറ്റ് ഇളകി വീണു

എറണാകുളം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ മേൽക്കൂരയുടെ ഒരു ഭാഗം കോൺക്രീറ്റ് ഇളകി വീണു. പേവാർഡിൽ കിടത്തി ചികിത്സിക്കുന്ന മുറിയുടെ മേൽക്കൂരയിലെ കോൺക്രീറ്റ് ആണ് ഇളകി വീണത്. അപകടസമയം രോഗികൾ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. നിരവധി ആളുകളാണ് പ്രാഥമിക ചികിത്സയ്ക്കായും മറ്റും ഈ താലൂക്ക് ആശുപത്രിയെ സമീപിക്കുന്നത്.

ഇതേ പേ വാർഡിന്റെ മറ്റു ചില ഭാഗങ്ങളിലും കോൺക്രീറ്റ് ഇളകി കമ്പി പുറത്ത് കാണാവുന്ന അവസ്ഥയിലാണ്. കിടത്തി ചികിത്സയുള്ള പല മുറികളിലെയും കോൺക്രീറ്റ് കമ്പികളെല്ലാം പുറത്ത് കാണാവുന്ന രീതിയിലാണ് ഉള്ളത്. നിലവിൽ ആശുപത്രി അധികൃതർ എത്തി ആരും പ്രവേശിക്കാതിരിക്കുന്നതിനായി മുറി പൂട്ടിയിരിക്കുകയാണ്. 1970 ൽ നിർമിച്ച കെട്ടിടമാണിത്.

മാത്രമല്ല താലൂക്ക് ആശുപത്രിയിൽ എത്തുന്ന ഗർഭിണികളെ സ്ഥിരമായി കളമശേരി മെഡിക്കൽ കോളജിലേക്ക് ചികിത്സയ്ക്കായി പറഞ്ഞയക്കുന്നുവെന്ന പരാതിയും ഇതിനോടകം തന്നെ ഉയർന്നുവന്നിട്ടുണ്ട്.