Headlines

പത്തനംതിട്ടയില്‍ ഭാര്യമാതാവിനെ യുവാവ് മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്നു

പത്തനംതിട്ട വെച്ചുചിറയില്‍ ഭാര്യമാതാവിനെ യുവാവ് മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്നു. 54കാരി ഉഷാമണിയാണ് കൊല്ലപ്പെട്ടത്. മരുമകന്‍ സുനില്‍ പൊലീസ് കസ്റ്റഡിയില്‍. കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്‌നങ്ങളെന്ന് പൊലിസ് വ്യക്തമാക്കി.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ക്രൂരകൊലപാതകം നടന്നത്. വെച്ചുചിറ ചാത്തന്‍തറ അഴുത ഉന്നതിയിലെ ഉഷാമണിയുടെ വീട്ടിലെത്തിയ സുനില്‍കുമാര്‍ ഇവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ വീടിനു സമീപത്ത് കിടന്നിരുന്ന മണ്‍വെട്ടി ഉപയോഗിച്ച് തലക്ക് അടിക്കുകയിരുന്നു. അടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്ത് വച്ച് ഉഷ കൊല്ലപ്പെട്ടു. കൃത്യം നടത്തിയശേഷം സംഭവസ്ഥലത്ത് തന്നെ നിലയുറപ്പിച്ച സുനില്‍കുമാറിനെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.

വ്യക്തി വൈരാഗ്യം തന്നെയാണ് കൊലപാതക കാരണമെന്നാണ് പൊലീസും സംശയിക്കുന്നത്. നാലുവര്‍ഷത്തോളമായി സുനില്‍കുമാര്‍ ഭാര്യയുമായി പിണങ്ങി കഴിക്കുകയായിരുന്നു. ഇതിനു കാരണം ഉഷാമണി എന്നായിരുന്നു ഇയാള്‍ കരുതിയിരുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഉഷാമണിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കില്ല എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.