നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നും കെ സി വേണുഗോപാല്‍ പറയുന്നു. മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖങ്ങളിലാണ് പ്രതികരണം. ( KC Venugopal says he will not contest the assembly elections).മുഖ്യമന്ത്രിയായി ആരെയും ഉയര്‍ത്തിക്കാട്ടുന്ന രീതി കോണ്‍ഗ്രസിനില്ലെന്നും അതിനാല്‍ പാര്‍ട്ടിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. രമേശ് ചെന്നിത്തലയും വിഡി സതീശനുമടക്കമുള്ള നേതാക്കള്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍, മുഖ്യമന്ത്രിയുടെ പേരില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പരിപാടിയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി രീതിയനുസരിച്ച് എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം തേടി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയം കണ്ടാല്‍ 24 മണിക്കൂറിനകം മുഖ്യമന്ത്രിയാരാണെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, എല്‍ഡിഎഫിന്റെ പ്രചാരണം നയിക്കുക മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. മനോരമയുടെ അഭിമുഖത്തില്‍ തന്നെയാണ് എംഎ ബേബിയുടെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ പിണറായി തന്നെ നയിക്കുമെന്ന് നേരത്തെ ട്വന്റിഫോര്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇത് ശരിവെക്കും വിധമാണ് എംഎ ബേബിയുടെ പ്രതികരണം.
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റമുണ്ടാകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമെല്ലാം വിരാമമിടുകയാണ് സിപിഐഎമ്മിന്റെ കേന്ദ്ര നേതൃത്വം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ നയിക്കുമെന്നാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്. രണ്ട് ടേം നിബന്ധന സിപിഐഎമ്മിന് തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു. ഇത്തവണ അത് കര്‍ശനമാകില്ലെന്നാണ് സൂചന. പിണറായി വിജയന് മൂന്നാമതും മത്സരിക്കാനുള്ള ഇളവ് നല്‍കും. ഇനി എന്തെങ്കിലും മാറ്റമുണ്ടാവുകയാണെങ്കില്‍ അത് പിണറായി വിജയന്റെ വ്യക്തിപരമായ താത്പര്യമനുസരിച്ചായിരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.







