Headlines

‘ചവറ്റുകൊട്ടയിലേക്ക് എറിയണമെന്ന് ചിലര്‍ ആഗ്രഹിച്ച കേസില്‍ നീതി ദേവത കണ്ണ് തുറന്നു’; പാലത്തായി കേസില്‍ വിധി വരുമ്പോള്‍

പാലത്തായി കേസിലെ വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രോസ്‌ക്യൂഷന്‍. മരണം വരെ ജീവപര്യന്തം എന്ന രീതിയില്‍ ശിക്ഷ കിട്ടിയിരിക്കുകയാണ്. ചവറ്റുകൊട്ടയിലേക്ക് എറിയണമെന്ന് ചിലര്‍ ആഗ്രഹിച്ച കേസില്‍ നീതി ദേവത കണ്ണ് തുറന്നുവെന്നും കുട്ടിക്ക് നീതി കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം ഘട്ടത്തില്‍ കുട്ടിയുടെ കുടുംബാംഗങ്ങളെ നിരാശപ്പെടുത്തിക്കൊണ്ടായിരുന്നു തീരുമാനം വരന്നത്. പക്ഷേ, അവസാനഘട്ടത്തില്‍ ഹൈക്കോടതി സ്‌പെഷ്യല്‍ ടീം അന്വേഷിക്കണമെന്ന് പറഞ്ഞപ്പോഴാണ് എസിപി രത്‌നകുമാറിന്റെ നേതൃത്വത്തില്‍ അന്വേണം നടത്തിയത്. ചവറ്റുകൊട്ടയിലേക്ക് എറിയണമെന്ന് ചിലര്‍ ആഗ്രഹിച്ച കേസില്‍ നീതി ദേവത കണ്ണ് തുറന്നു. കുട്ടിക്ക് നീതി കിട്ടി – അഭിഭാഷകന്‍ പറഞ്ഞു.

2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍വച്ചു മൂന്നുതവണ പീഡിപ്പിച്ചെന്നാണ് കേസ്. ബിജെപി പ്രാദേശിക നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജനാണ് കേസിലെ പ്രതി. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ്, സംഘപരിവാര്‍ അധ്യാപക സംഘടനയായ NTU ജില്ലാ നേതാവ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഇയാള്‍.

2020 മാര്‍ച്ച് 16നാണ് തലശേരി ഡിവൈഎസ്പിക്ക് പരാതി ലഭിക്കുന്നത്. സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും മറ്റൊരു വീട്ടില്‍ വച്ചും ലൈംഗികമായി പീഡിപ്പിച്ചു എന്ന് പരാതി. പാനൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പരാതി വ്യാജമെന്നായിരുന്നു ആദ്യ കണ്ടെത്തല്‍.പ്രതിഷേധം ഉയര്‍ന്നതോടെ പോക്‌സോ വകുപ്പു ചുമത്തി കേസെടുത്തു. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിഞ്ഞ പത്മരാജനെ ഏപ്രില്‍ 15 ന് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി. അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. 90 ദിവസം പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ക്കു മുന്‍പാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇടക്കാല കുറ്റപത്രത്തില്‍ നിന്ന് പോക്‌സോ ഒഴിവാക്കി. ഹൈക്കോടതിയെ സമീപിച്ച പ്രതിക്ക് ജാമ്യം കിട്ടി. കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു. നാര്‍ക്കോട്ടിക് സെല്‍ എ.എസ്.പി രേഷ്മ രമേഷിന് അന്വേഷണ ചുമതല നല്‍കി.

അന്വേഷണം തെറ്റായ ദിശയില്‍ എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. ഡിഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. പ്രതി നിരപരാധി എന്ന ശ്രീജിത്തിന്റെ ശബ്ദരേഖ പുറത്തുവന്നത് വ്യാജമായി. അന്വേഷണസംഘത്തെ വീണ്ടും മാറ്റി. എഡിജിപി ജയരാജിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ടി കെ രത്‌നകുമാറിനെ അന്വേഷണത്തിന് നിയോഗിച്ചു. പീഡനം നടന്ന ശുചിമുറിയില്‍ നിന്ന് രക്ത സാമ്പിളുകള്‍ കണ്ടെത്തിയതായി അന്വേഷണസംഘം വ്യക്തമാക്കി. പോക്‌സോ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. 2024 ഫെബ്രുവരി 23ന് കേസിന്റെ വിചാരണ ആരംഭിച്ചു. കുട്ടിയുടെ സുഹൃത്ത്, നാല് അധ്യാപകര്‍ ഉള്‍പ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിച്ചു. പരാതി വ്യാജമാണെന്നും എസ്ഡിപിഐ ഗൂഢാലോചനയാണെന്നും ബിജെപി ആരോപിച്ചിരുന്നു.