മുംബൈ: ബ്ലാക്ക് ഫംഗസ് (മ്യൂക്കോമൈക്കോസിസ്) രോഗബാധയെത്തുടര്‍ന്ന് മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണുകള്‍ വീതം നീക്കം ചെയ്തതായി റിപോര്‍ട്ട്. 4, 6, 14 വയസ് പ്രായമുള്ള കുട്ടികളുടെ കണ്ണുകളാണ് നീക്കം ചെയ്യേണ്ടിവന്നത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് മൂന്നുപേരുടെയും ശസ്ത്രക്രിയ നടത്തിയത്. മൂന്ന് പേരില്‍ നാലും ആറും വയസ്സുമുള്ള കുട്ടികള്‍ പ്രമേഹബാധിതരായിരുന്നില്ല. 14കാരി മാത്രമാണ് പ്രമേഹബാധിതയായിരുന്നത്. 16 വയസ്സുള്ള പ്രമേഹബാധിതയായ മറ്റൊരു പെണ്‍കുട്ടിയെ കൂടി ബ്ലാക്ക് ഫംഗസ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് മുക്തയായതിനുശേഷമാണ് ആ കുട്ടിക്ക് പ്രമേഹബാധയുണ്ടായത്.
വയറിന്റെ ഒരുഭാഗത്ത് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടികളിലെ ബ്ലാക്ക് ഫംഗസ് കേസുകള്‍ ആശങ്കാജനകമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രമേഹം പോലുള്ള രോഗങ്ങളുള്ള കൊവിഡ് രോഗികളെയാണ് ഫംഗസ് പിടിപെടുന്നത്. ഇത് കൊവിഡില്‍നിന്ന് സുഖം പ്രാപിച്ചതിനുശേഷവും അപകടകരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു കണ്ണ് നീക്കം ചെയ്യേണ്ടിവന്ന 14കാരിക്കും വയറില്‍ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയ 16കാരിക്കും കൊവിഡ് രണ്ടാംതരംഗത്തിലാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.
ആശുപത്രിയിലെത്തി 48 മണിക്കൂറിനുള്ളില്‍ 14കാരിയുടെ കണ്ണുകളിലൊന്ന് കറുപ്പായി മാറിയെന്ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജേസല്‍ ഷേത്തിനെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു. കുട്ടിയുടെ മൂക്കിലേക്കും ബ്ലാക്ക് ഫംഗസ് വ്യാപിച്ചിരുന്നു. എന്നാല്‍, ഭാഗ്യം കൊണ്ട് തലച്ചോറിലെത്തിയിരുന്നില്ല. ആറാഴ്ചയോളം കുട്ടിയെ ചികില്‍സിച്ചു. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ അവള്‍ക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടു- അദ്ദേഹം പറഞ്ഞുു. ഒരുമാസം മുമ്പ് 16 വയസുള്ള പെണ്‍കുട്ടി ആരോഗ്യവതിയായിരുന്നു.
പെണ്‍കുട്ടി കൊവിഡില്‍നിന്ന് സുഖം പ്രാപിച്ചു. അവള്‍ പ്രമേഹരോഗിയല്ല. പക്ഷേ, അവള്‍ പെട്ടെന്ന് പ്രമേഹവുമായി ഞങ്ങളുടെ അടുത്തെത്തി. അവളുടെ കുടലില്‍ രക്തസ്രാവം ആരംഭിച്ചു. ഞങ്ങള്‍ ഒരു ആന്‍ജിയോഗ്രാഫി നടത്തി. അവളുടെ വയറിനടുത്തുള്ള രക്തക്കുഴലുകളില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ചതായി കണ്ടെത്തി- ഡോക്ടര്‍ ഷേത്ത് പറഞ്ഞു. നാലും ആറും വയസ്സുള്ള കുട്ടികളെ കെബിഎച്ച് ബചുവാലി ഒഫ്താല്‍മിക് ആന്റ് ഇഎന്‍ടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇവര്‍ രണ്ടുപേരും കൊവിഡ് ബാധിതരായിരുന്നു.
പ്രമേഹമില്ലായിരുന്നു. ബ്ലാക്ക് ഫംഗസ് അവരുടെ കണ്ണുകളില്‍ പടര്‍ന്നിരുന്നു. കണ്ണ് നീക്കം ചെയ്യാതിരുന്നെങ്കില്‍ അവരുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നു. ഇതിനകംതന്നെ അവരുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. അത് അവരെ വല്ലാതെ വേദനിപ്പിക്കുന്നു. ഒരു കുട്ടി കഴിഞ്ഞ ഡിസംബറിലാണ് ആശുപത്രിയിലെത്തിയത്. രണ്ടാമത്തെ തരംഗത്തിനിടയിലാണ് രണ്ടാമത്തെ കുട്ടി വന്നത്- ഡോ. പ്രീതേഷ് ഷെട്ടി പ്രതികരിച്ചു.