കണ്ണിന് ചൊറിച്ചിലുണ്ടോ; എങ്കില്‍ സൂക്ഷിക്കണം

 

നമ്മില്‍ മിക്കവാറും പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ണിന് ചൊറിച്ചില്‍ അനുഭവിച്ചിട്ടുള്ളവരായിരിക്കും. ഇത് ശരിക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നമല്ലെങ്കിലും വളരെയധികം പ്രകോപനത്തിന് ഇടയാക്കും. ചിലര്‍ക്ക് ഇത് ചൊറിച്ചില്‍ മാത്രമല്ല, നീര്‍വീക്കം, വേദന തുടങ്ങിയ മറ്റ് പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. കണ്ണുകളുടെ ചൊറിച്ചിലിന്റെ കാരണങ്ങളും അവ വേഗത്തില്‍ ചികിത്സിക്കുന്നതിനുള്ള ചില ലളിതമായ വീട്ടുവൈദ്യങ്ങളും ഇവിടെ നിങ്ങള്‍ക്ക് അറിയാം.

കണ്ണിന്റെ ചൊറിച്ചിലിന് കാരണങ്ങള്‍
പല കാരണങ്ങളാല്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് വരള്‍ച്ച അനുഭവപ്പെടാം. സാധാരണയായി, നമ്മുടെ കണ്ണുകളെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്നത് കണ്ണുനീരാണ്. എന്നാല്‍, കണ്ണുകള്‍ ആവശ്യത്തിന് കണ്ണുനീര്‍ ഉത്പാദിപ്പിക്കാതെ വരുമ്പോള്‍ നമ്മുടെ കണ്ണുകള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടും. ചില മരുന്നുകള്‍, പ്രായം എന്നിവയും കണ്ണ് വരളുന്നതിന് കാരണമാകും.

വൈറസ് ബാധ
നിങ്ങളുടെ കണ്ണുകളില്‍ വൈറസുകളോ ബാക്ടീരിയകളോ ബാധിച്ചിട്ടുണ്ടെങ്കില്‍ ചൊറിച്ചിലുണ്ടാകാം. അതുപോലെ കോണ്‍ടാക്റ്റ് ലെന്‍സുകളുടെ അമിത ഉപയോഗം കണ്ണുകളെ പ്രതികൂലമായി ബാധിക്കുകയും ചൊറിച്ചിലിലേക്ക് നയിക്കുകയും ചെയ്യും. പൊടി, മലിനമായ വായു, സൂര്യപ്രകാശം എന്നിവയും കണ്ണില്‍ ചൊറിച്ചിലിന് കാരണമാകും.

അലര്‍ജി
അലര്‍ജി കാരണം ധാരാളം ആളുകള്‍ കണ്ണുകളില്‍ ചൊറിച്ചില്‍ അനുഭവിക്കുന്നുണ്ടെങ്കിലും തടവുന്നത് കണ്ണിനെ കൂടുതല്‍ പ്രകോപിപ്പിക്കും. കണ്ണിലെ സൂക്ഷ്മാണുക്കള്‍ കണ്ണിലെ കൃഷ്ണമണിയെ തകരാറിലാക്കും. കണ്ണില്‍ ജലത്തിന്റെ അഭാവം വരള്‍ച്ചയ്ക്ക് കാരണമാകും. ഈ സാഹചര്യത്തില്‍, നിങ്ങള്‍ കൃത്രിമ കണ്ണുനീര്‍ ആയി ഐ ഡ്രോപ്പ് ഉപയോഗിക്കണം. കണ്ണുകളുടെ ഈര്‍പ്പം നിലനിര്‍ത്താനും കണ്ണുകളുടെ വരള്‍ച്ച കുറയ്ക്കാനും അവ സഹായിക്കുന്നു. എന്നിരുന്നാലും, ഏതെങ്കിലും ഐ ഡ്രോപ്പ് ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറെ കാണുക.

കണ്ണ് ചൊറിച്ചിലിന്റെ ലക്ഷണങ്ങള്‍
* കണ്ണുകളില്‍ അമിതമായ വരള്‍ച്ച
* ഈറന്‍ കണ്ണുകള്‍
* മങ്ങിയ കാഴ്ച
* കണ്‍പോളയില്‍ വീക്കം
* ഇരട്ട കാഴ്ച
* കണ്ണുകളില്‍ ചുവപ്പ്
* അസഹനീയമായ വേദന
* കണ്ണുകളില്‍ വീക്കം

കണ്ണ് ചൊറിച്ചിലിനുള്ള വീട്ടുവൈദ്യങ്ങള്‍
വരള്‍ച്ച മൂലം കണ്ണുകളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍, 15-20 ദിവസത്തേക്ക് ദിവസവും 3 തവണ ലൂബ്രിക്കന്റ് ഐ ഡ്രോപ്പ് ഉപയോഗിക്കുക. ശുദ്ധമായ വെള്ളത്തില്‍ കണ്ണുകള്‍ കഴുകുന്നതും സഹായകരമാണ്. ശുദ്ധജലം കണ്ണിലെ അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ നീക്കംചെയ്യാനും ആശ്വാസം നല്‍കാനും സഹായിക്കും.

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുവെങ്കില്‍
നിങ്ങള്‍ ദിവസവും ഏറെനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുവെങ്കില്‍ ഒരു നേത്ര ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. കമ്പ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്ന ഓരോ 20 മിനിറ്റിലും നിങ്ങളില്‍ നിന്ന് 20 അടി അകലെയുള്ള ഒരു വസ്തുവിനെ 20 സെക്കന്‍ഡ് നേരത്തേക്ക് നോക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. കണ്ണിനുണ്ടാകുന്ന വേദനയില്‍ നിന്ന് മോചനം നേടാന്‍ നിങ്ങള്‍ക്ക് ഐസ് ഉപയോഗിച്ച് കംപ്രസ് ചെയ്യാം. വിറ്റാമിന്‍ എ, ഒമേഗ ഫാറ്റി ആസിഡുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും കണ്ണിന്റെ വരള്‍ച്ച നീക്കാന്‍ സഹായിക്കും.

അലര്‍ജി ഉത്പന്നങ്ങള്‍ ഒഴിവാക്കുക
മേക്കപ്പ് പോലുള്ള അലര്‍ജിയുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ കണ്ണിന് വളരെ അടുത്ത് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ കണ്ണുകളെ പൊടിയില്‍ നിന്നും മലിനീകരണത്തില്‍ നിന്നും സംരക്ഷിക്കാന്‍ എപ്പോഴും ഒരു ജോടി സണ്‍ഗ്ലാസുകള്‍ ധരിക്കുന്നതും നല്ലതാണ്. അധികമായി കണ്ണ് തിരുമ്മുന്നത് ചൊറിച്ചില്‍ കൂടുതല്‍ രൂക്ഷമാക്കും. അതിനാല്‍ പെട്ടെന്നുള്ള ആശ്വാസത്തിനായി നിങ്ങളുടെ കണ്ണുകള്‍ അധികം തടവാതിരിക്കുക.

ശ്രദ്ധിക്കാന്‍
കണ്ണിലെ ചൊറിച്ചില്‍ വേഗത്തില്‍ പരിഹരിക്കാന്‍ ഈ വീട്ടുവൈദ്യങ്ങള്‍ നിങ്ങളെ സഹായിക്കും. എന്നാല്‍, പ്രശ്‌നം നിലനില്‍ക്കുകയോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് നേത്ര അണുബാധ, കാഴ്ചയിലെ പ്രശ്‌നങ്ങള്‍, കടുത്ത കണ്ണ് വേദന എന്നിവ അനുഭവപ്പെടുകയാണെങ്കില്‍, വീട്ടുവൈദ്യങ്ങള്‍ ഉടനടി നിര്‍ത്തി നേത്രരോഗവിദഗ്ദ്ധനെ സമീപിക്കുക.