Headlines

കേന്ദ്രസർക്കാരിനും എൽഐസിക്കും കീഴിലുള്ള ബാങ്ക് കനേഡിയൻ കമ്പനിക്ക് വിൽക്കും, തൃശൂരിലെ സിഎസ്ബി ബാങ്കിൽ ‘സസ്പെൻസ്’

ന്യൂ‍ഡൽഹി∙ കേന്ദ്രസർക്കാരിന്റെയും ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ (എൽഐസി) കീഴിലുള്ള ഐഡിബിഐ ബാങ്ക് ഇനി കനേഡിയൻ നിക്ഷേപക സ്ഥാപനമായ ഫെയർഫാക്സിന്റെ നിയന്ത്രണത്തിലേക്ക്. ബാങ്കിന്റെ 60.72% ഓഹരികൾ ഫെയർഫാക്സിനു വിൽക്കാൻ കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. ഏകദേശം 53,000 കോടി രൂപയുടെ ഇടപാടിലൂടെ ഇന്ത്യൻ ധനകാര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങും. കേന്ദ്രസർക്കാരിന്റെ കൈവശമുള്ള 30.48% ഓഹരികളും എൽഐസിയുടെ 30.24% ഓഹരികളുമാണ് വിൽക്കുന്നത്.സർക്കാരിന് 26,620 കോടി രൂപയും എൽഐസിക്ക് 26,440 കോടി രൂപയുമാണ് ഓഹരിവിൽപന വഴി ലഭിക്കുക.

നിലവിൽ സർക്കാരിന് 45.48% ഓഹരിയും പ്രമോട്ടറായ എൽഐസിക്ക് 49.24 ശതമാനവുമാണുള്ളത്. ഇടപാട് പൂർത്തിയാകുമ്പോൾ ഇത് യഥാക്രമം 15 ശതമാനവും 19 ശതമാനവുമായും കുറയും. ഫലത്തിൽ, ഫെയർഫാക്സ് ബാങ്കിന്റെ ഏറ്റവും വലിയ ഓഹരിയുടമയാകും.-

ഓഹരിയൊന്നിന് 81 രൂപയാണ് ഫെയർഫാക്സ് വാഗ്ദാനം ചെയ്തത്. റിസർവ് ബാങ്കിന്റെയും കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെയും അനുമതി ലഭിച്ചാലേ ഇടപാട് പൂർത്തിയാകൂ.

സിഎസ്ബി ബാങ്ക് ലയിക്കുമോ?
നിലവിലെ ചട്ടപ്രകാരം ഒരു ബാങ്കിലെ പ്രമോട്ടറുടെ ഓഹരി പങ്കാളിത്തം 26% വരെ മാത്രമേ പാടുള്ളൂ. ഓഹരിവിഹിതം 26 ശതമാനമായി കുറയ്ക്കാ‍ൻ ഫെയർഫാക്സിന് 15 വർഷം സമയം അനുവദിക്കും. തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്കിലും (മുൻപ് കാത്തലിക് സിറിയൻ ബാങ്ക്) ഫെയർഫാക്സിന് 40% ഓഹരിയുണ്ട്. ഫെയർഫാക്സ് ഒന്നുകിൽ സിഎസ്ബി ബാങ്കിനെ ഐഡിബിഐയുമായി ലയിപ്പിക്കുകയോ, അല്ലെങ്കിൽ സിഎസ്ബിയിലെ ഓഹരി പങ്കാളിത്തം ഉപേക്ഷിക്കുകയോ വേണ്ടി വരും.

ഇത്തരം വാർത്തകൾക്ക് പിന്നാലെ സിഎസ്ബി ഓഹരി ഇന്ന് നഷ്ടത്തിലാണ്.

ജീവനക്കാർ ആശങ്കപ്പെടേണ്ട: കേന്ദ്രം
ഫെയർഫാക്സ് 3 വർഷത്തേക്ക് ഐഡിബിഐ ബാങ്കിന്റെ പേരും ബ്രാൻഡും ഉപഭോക്തൃബന്ധങ്ങളും നിലനിർത്തണം. ജീവനക്കാർ ആശങ്കപ്പെടേണ്ടതില്ലെന്നും മാനേജ്മെന്റ് കൈമാറ്റം സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി. നടപ്പുസാമ്പത്തികവർഷം തന്നെ ഇടപാട് പൂർത്തിയാകുമെന്നാണ് സൂചന.