Headlines

വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിറ്റു; സമൂഹമാധ്യമ ഇൻഫ്ലുവൻസർ മിനു അടക്കം 4 പേർ പിടിയിൽ

മലപ്പുറം ∙ വേങ്ങര മങ്കട പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തി വന്ന സമൂഹമാധ്യം ഇൻഫ്ലുവൻസർ അടക്കം നാലു പേർ അടങ്ങുന്ന സംഘം പൊലീസ് പിടിയിൽ. മലപ്പുറം ഹാജിയാർ പള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി തോണ്ടിപുലാൻ വീട്ടിൽ ടി.പി.ഷബീർ (24), വേങ്ങര കൂരിയാട് സ്വദേശി കുന്നത്തീരി വീട്ടിൽ സജാദ് (21), കൂട്ടിലങ്ങാടി സ്വദേശി കൂട്ടപ്പിലാൻ വീട്ടിൽ ഇൻഫ്ലുവൻസർ മിനു ജാസ്മിൻ (23) എന്നിവരാണ് പിടിയിലായത്.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മലപ്പുറം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സനലിന്റെ നേതൃത്വത്തിൽ മലപ്പുറം പൊലീസും മലപ്പുറം ഡാൻസാഫ് ടീമുമാണ് ഇവരെ പിടികൂടിയത്. ബുധനാഴ്ച രാത്രി മലപ്പുറം കിഴക്കെത്തല വേങ്ങര റോഡിൽ അക്ഷയ സെന്ററിനു മുൻപിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ കാറിൽ നിന്നും പിടികൂടി അറസ്റ്റ് ചെയ്തത്.പ്രതികളിൽ നിന്നും 10.5 ഗ്രാം എംഡിഎംഎയും ഇതു ശരീരത്തിലേക്ക് കുത്താൻ ഉപയോഗിക്കുന്ന സിറിഞ്ചുകളും തൂക്കിവിൽപനയ്ക്ക് ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും ചില്ലറവിൽപനയ്ക്കായി നൽകാൻ ഉപയോഗിക്കുന്ന സിപ്‌ലോക്ക് കവറുകളുടെ പാക്കറ്റും ലഹരി വിൽപനയിലൂടെ ലഭിച്ച കാൽ ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ അനസ്, ഷബീർ, സജാദ് എന്നിവർക്ക് മുൻപ് എംഡിഎംഎ വിൽപന നടത്തിയതിനും ഉപയോഗിച്ചതിനും വിവിധ പൊലീസ് സ്റ്റേഷനുകളായി കേസുകളുണ്ട്.മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ബി.ഷാജിമോൻ, എസ്ഐ സനൽ, എഎസ്ഐ സുഷമ, പൊലീസ് ഉദ്യോഗസ്ഥരായ ബി.എൻ. അബ്ദുല്ല, ബാബു ബാലകൃഷ്ണൻ, ആഷിഖ്, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സേനാംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, രഞ്ജിത്ത് രാജേന്ദ്രൻ, പി. മുഹമ്മദ്‌ സലീം, കെ.കെ. ജസീർ, വി.പി. ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.