Headlines

കൊല്ലപ്പെട്ട യുവാവ് അനുഭവിച്ച വേദനയുടെ ആഴം വ്യക്തമാക്കി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ കുറിപ്പ്

പാലക്കാട് മൂലത്തറയിൽ ആൾക്കൂട്ടമർദനത്തിൽ കൊല്ലപ്പെട്ട അജ്ഞാതന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഫൊറൻസിക് സർജൻ ഡോ.ഹിതേഷ് ശങ്കർ സമൂഹമാധ്യമത്തിലെഴുതി, ആ യുവാവ് അനുഭവിച്ചിട്ടുണ്ടാകാവുന്ന വേദനയുടെ ആഴത്തെപ്പറ്റി…

‘‘ശരീരമാസകലം ഒട്ടേറെ ക്ഷതങ്ങൾ. ക്ഷതങ്ങളോടനുബന്ധിച്ചു കോശകലകളിൽ രക്തം വ്യാപിച്ചിറങ്ങിയതിന്റെ തെളിവുകൾ. ഒരു മനുഷ്യശരീരത്തിൽ ക്രൂരമായ മർദനം അവശേഷിപ്പിച്ച അടയാളങ്ങൾ’’. പാലക്കാട് വണ്ടിത്താവളം മൂലത്തറ റഗുലേറ്റർ പരിസരത്ത് കഴിഞ്ഞ ദിവസം ആൾക്കൂട്ടത്തിന്റെ ക്രൂരമർദനത്തിൽ കൊല്ലപ്പെട്ട അജ്ഞാതന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് സർജൻ ഡോ.ഹിതേഷ് ശങ്കറിന്റെ സമൂഹമാധ്യമക്കുറിപ്പിലെ വരികളാണിത്. കൊല്ലപ്പെട്ട യുവാവ് അനുഭവിച്ച വേദനയുടെ ആഴം കുറിപ്പിൽ വ്യക്തമാണ്.
ഇതോടൊപ്പം ആൾക്കൂട്ടക്കൊലകൾക്കെതിരെ സമൂഹം ഉണരേണ്ടതിന്റെയും മനോദൗർബല്യമുള്ളവരെ സംരക്ഷിക്കേണ്ടതിന്റെ പ്രസക്തിയും ഡോ.ഹിതേഷ് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പാലക്കാട്ടു തന്നെ അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവ് ആൾക്കൂട്ടമർദനത്തിനിരയായി കൊല്ലപ്പെട്ട സംഭവവും അദ്ദേഹം ഓർമിപ്പിച്ചു. ആൾക്കൂട്ടവിചാരണ അടക്കമുള്ള ക്രൂരതകൾ ആവർത്തിക്കാതിരിക്കാനുള്ള സാമൂഹികവും നിയമപരവുമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണു ഡോ.ഹിതേഷ് ശങ്കർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

യുവാവിന്റെ വിലാസം തേടി പൊലീസ് തമിഴ്നാട്ടിലേക്ക്
വണ്ടിത്താവളം ∙ ഏഴംഗ സംഘം മർദിച്ചു കൊലപ്പെടുത്തിയ യുവാവിന്റെ വിലാസം തേടി പൊലീസ് തമിഴ്നാട്ടിലേക്ക്. കൊല്ലപ്പെട്ട യുവാവ് തമിഴിൽ ചില വാക്കുകൾ പറഞ്ഞിരുന്നതായി നാട്ടുകാർ സൂചന നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തമിഴ്നാട്ടിലേക്കു വ്യാപിപ്പിച്ചത്. ചിറ്റൂർ ഡിവൈഎസ്പി എം.ശശിധരന്റെ നേതൃത്വത്തിൽ പൊലീസ് ഇന്നലെ പൊള്ളാച്ചി ആനമല സ്റ്റേഷനിലെത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ജില്ലാ പൊലീസ് മേധാവി കോയമ്പത്തൂർ പൊലീസ് മേധാവിയുമായി ആശയവിനിമയം നടത്തി.
കൂടാതെ തമിഴ്നാട്ടിലെ മാധ്യമങ്ങൾ വഴി ചിത്രങ്ങൾ നൽകി വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു.കൊല്ലപ്പെട്ട യുവാവ് മാസങ്ങളോളം വണ്ണാമട, കൊഴിഞ്ഞാമ്പാറ, ഗോപാലപുരം എന്നിവിടങ്ങളിൽ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കു മുൻപാണു മീനാക്ഷിപുരം ഭാഗത്തേക്ക് എത്തിയത്. മീനാക്ഷിപുരം ടൗണിൽ വിവിധ ഭാഗങ്ങളിലായി ഇയാളെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. പിന്നീടാണു സംഭവം നടന്ന മൂലത്തറ, നെടുമ്പാറ ഭാഗങ്ങളിലേക്ക് എത്തിയത്.
യുവാവ് മാനസിക വെല്ലുവിളികൾ നേരിടുന്ന ആളായിരുന്നെന്നും വിശക്കുമ്പോൾ കടകൾക്കു മുന്നിൽ ഏറെനേരം നിന്നിരുന്നതായും നാട്ടുകാർ പറഞ്ഞു. എന്തെങ്കിലും കൊടുത്താൽ വാങ്ങിക്കഴിച്ചു നടന്നുപോകുന്നതായിരുന്നു രീതിയെന്നു നാട്ടുകാർ പറഞ്ഞു. പലപ്പോഴും വിവസ്ത്രനായി കാണപ്പെട്ടിരുന്ന ഇയാളെ പ്രദേശവാസികളിൽ ചിലരാണ് എളുപ്പത്തിൽ അഴിഞ്ഞു പോകാത്ത പാന്റ്സ് ധരിപ്പിച്ചത്. യുവാവ് കൊല്ലപ്പെട്ട സമയത്ത് ഈ പാന്റ്സ് ആണു ധരിച്ചിരുന്നത്.

അതേസമയം, അജ്ഞാതയുവാവിനെ സംഘം ചേർന്നു മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ റിമാൻഡ് ചെയ്തു. കൊഴിഞ്ഞാമ്പാറ വണ്ണാമട സ്രാമ്പി തട്ടാൻചള്ള സ്വദേശികളായ എം.കാർത്തിക് (26), എൻ.നവീൻ (24), എ.സഞ്ജയ് (27), എം.പ്രശാന്ത് കുമാർ (35), പി.കതിരേശൻ (23), എം.മണികണ്ഠൻ (25), എസ്.സൂര്യപ്രകാശ് (22) എന്നിവരെയാണ് ചിറ്റൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തത്. ഞായറാഴ്ച രാവിലെ എട്ടരയോടെ മൂലത്തറ റഗുലേറ്ററിനു സമീപത്താണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവു പലപ്പോഴും പൊതുസ്ഥലങ്ങളിലുൾപ്പെടെ നഗ്നതാ പ്രദർശനം നടത്തിയിരുന്നു എന്നതാണ് പ്രതികൾ മർദിക്കാൻ കാരണമായി പറയുന്നത്.

കൊല്ലപ്പെട്ട യുവാവ് കഴിഞ്ഞ ഒരാഴ്ചയായി നെടുമ്പാറ, സ്രാമ്പി, മൂലത്തറ ഭാഗങ്ങളിൽ അലഞ്ഞുതിരിയുകയായിരുന്നു. ഇയാളെ പലപ്പോഴും വിവസ്ത്രനായാണ് കണ്ടിരുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവദിവസം രാത്രി യുവാവിനെ കണ്ട പ്രതികൾ അരക്കിലോമീറ്ററോളം ദൂരം പിന്തുടർന്നു മർദിച്ചെന്നും പിന്നീട് മൂലത്തറ റഗുലേറ്ററിനു സമീപത്തെത്തി നിലത്തുവീണപ്പോൾ വട്ടംകൂടി നിന്ന് ചവിട്ടുകയും മരക്കഷണങ്ങളും മറ്റും ഉപയോഗിച്ചു ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. തുടക്കത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് ഉറപ്പിക്കുകയും അന്വേഷണം നടത്തുകയും ചെയ്തത്. പലയിടങ്ങളിൽ നിന്നായി ലഭിച്ച സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതികളിലേക്കെത്തിയത്. കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ചിറ്റൂർ ഡിവൈഎസ്പി എം.ശശിധരന്റെ മേൽനോട്ടത്തിൽ കൊഴിഞ്ഞാമ്പാറ സിഐ എസ്.രജീഷിന്റെ നേതൃത്വത്തിൽ എസ്ഐ എസ്.ശ്രീരാഗ് ഉൾപ്പെടുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.