ആലപ്പുഴ ∙ തലയ്ക്കേറ്റ ഗുരുതര ക്ഷതവും തലച്ചോറിൽ രക്തം കട്ടപിടിച്ചതുമാണു മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിന്റെ മരണകാരണമെന്ന് ഉസ്ബെക്കിസ്ഥാനിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ റീപോസ്റ്റ്മോർട്ടവും ഇക്കാര്യം ശരിവയ്ക്കുന്നതായാണു സൂചന. സാവരിയയുടെ തലയിൽ രണ്ടിടത്തു മുറിവേറ്റിരുന്നു. കൂടാതെ ശരീരത്തിലുടനീളം ചതവുകളുണ്ടായിരുന്നു.മരണവിവരമറിഞ്ഞ് മോർച്ചറിയിലെത്തിയ മാതൃസഹോദരീ ഭർത്താവ് ജനീഷ് നെഞ്ചു തകർന്നുപോകുന്ന കാഴ്ചയാണു കണ്ടതെന്നു ബന്ധുക്കൾ പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ തലയ്ക്കടിച്ചതു മരണകാരണമായെന്നാണ് അതുവരെ കരുതിയിരുന്നത്. എന്നാൽ സാവരിയയുടെ ശരീരമാസകലം ചതഞ്ഞു കരുവാളിച്ച പാടുകളായിരുന്നു. മുഖം മുതൽ കാലുവരെ ചതവേറ്റിരുന്നു. നെഞ്ചിലെ ചതവിന്റെ പാടുകൾ ചവിട്ടേറ്റതിൽ നിന്നുണ്ടായതാണെന്നു മനസ്സിലായി. കാലിൽ ഉൾപ്പെടെ മുറിവുകളും ഉണ്ടായിരുന്നു. തലയോട്ടിക്കു വരെ ആഘാതമേൽക്കുന്ന ക്ഷതം എങ്ങനെ ഉണ്ടായെന്നും എന്ത് ആയുധമാണ് ഉപയോഗിച്ചതെന്നും വ്യക്തതയില്ല. ലാപ്ടോപ് കൊണ്ടാണ് അടിയേറ്റതെന്ന വാർത്ത പ്രചരിച്ചിരുന്നെങ്കിലും തങ്ങളോട് ആരും അങ്ങനെ പറഞ്ഞിട്ടില്ലെന്നു ബന്ധുക്കൾ അറിയിച്ചു. പ്രതിയായ സദറുൽ അനാം ആണോ സാവരിയയെ ആശുപത്രിയിൽ എത്തിച്ചതെന്നും വ്യക്തതയില്ല.കേസ് ക്രൈംബ്രാഞ്ചിന് കൈമാറും
ഹരിപ്പാട് സ്വദേശിയായ എംബിബിഎസ് വിദ്യാർഥിനി സാവരിയ ബസന്ത് (21) ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഹരിപ്പാട് പൊലീസ് റജിസ്റ്റർ ചെയ്ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറും. ഇന്ത്യൻ പൗരൻമാർ വിദേശരാജ്യങ്ങളിൽ നടത്തുന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസുകൾ സംസ്ഥാന ക്രൈംബ്രാഞ്ചാണ് അന്വേഷിക്കേണ്ടതെന്ന ഡിജിപിയുടെ സർക്കുലർ പ്രകാരമാണിത്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഇന്നലെ സാവരിയയുടെ വീട്ടിലെത്തിയ മന്ത്രി രമേശ് ചെന്നിത്തല കുടുംബത്തിന് ഉറപ്പു നൽകി.ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ സാവരിയയുടെ സഹപാഠിയായിരുന്ന മലപ്പുറം പുലാമാന്തോൾ കട്ടുപ്പാറ ഇറവത്ത് കിഴക്കേത്തൊടി സദറുൽ അനം (22) ഈ കേസിൽ അറസ്റ്റിലായി അവിടെ പൊലീസ് കസ്റ്റഡിയിലാണ്. ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം നാട്ടിലെത്തിച്ച സാവരിയയുടെ മൃതദേഹം ഹരിപ്പാട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലേക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ഉസ്ബെക്കിസ്ഥാനിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ ഫലം 20 ദിവസത്തിനകം ലഭിക്കുമെന്നും അത് ഇന്ത്യൻ എംബസിക്കായിരിക്കും കൈമാറുക എന്നുമാണു കുടുംബത്തെ അറിയിച്ചത്. ആലപ്പുഴയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ ഫലം പൊലീസിനാകും കൈമാറുക.
അതു ലഭിച്ച ശേഷം ഹരിപ്പാട് പൊലീസ് ജില്ലാ പൊലീസ് മേധാവിക്കു റിപ്പോർട്ട് നൽകും. അതു ഡിജിപിക്കു കൈമാറിയ ശേഷമാകും കേസ് ക്രൈംബ്രാഞ്ചിനു വിടുക. നടപടികളുടെ ഭാഗമായി അടുത്ത ദിവസം ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. അതേസമയം, കൊലക്കേസ് അന്വേഷണം ഉസ്ബെക്കിസ്ഥാനിൽ തന്നെ നടത്താനാണു കുടുംബത്തിന്റെ താൽപര്യം. സാവരിയ ക്രൂരമായ ശാരീരിക പീഡനത്തിരയായിട്ടുണ്ടെന്നും പ്രതി കടുത്ത ശിക്ഷ അർഹിക്കുന്നെന്നും മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയ ബന്ധുവിനോട് പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞിരുന്നു.അവിടത്തെ ചില അഭിഭാഷകരുമായും സംസാരിച്ചിരുന്നു. അവിടെ ധാരാളം ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നുണ്ട് എന്നതിനാൽ ഭരണകൂടം കേസിനെ ഗൗരവത്തോടെ കാണുമെന്നും ഇന്ത്യൻ എംബസിയുടെ സഹായം ലഭിക്കുമെന്നുമാണു കുടുംബം കരുതുന്നത്. ഉസ്ബെക്കിസ്ഥാനിൽ നിയമം കർക്കശമായതിനാൽ നീതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു സാവരിയയുടെ കുടുംബം പറഞ്ഞു.









