Headlines

ഔദ്യോ​ഗിക പ്രഖ്യാപനം എത്തി; ഹ്യുണ്ടായിയുടെ ആഡംബര ബ്രാന്റ് ജെനസിസ് ഇന്ത്യയിലേക്ക്

ഹ്യുണ്ടായിയുടെ ആഡംബര ബ്രാന്റ് ജെനസിസ് ഇന്ത്യയിലേക്ക് എത്തുന്നു. 2027ൽ ഇന്ത്യൻ വിപണിയിൽ ആഡംബര ബ്രാന്റ് എത്തുമെന്നാണ് കമ്പനി ഔദ്യോ​ഗികമായി അറിയിച്ചിരിക്കുന്നത്. പൂർണമായി ഇന്ത്യയിൽ തന്നെ നിർമിച്ച് വിപണിയിൽ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. എട്ട് വർഷത്തിനുള്ളിൽ ആഗോളതലത്തിൽ പത്ത് ലക്ഷം വിൽപ്പനയാണ് ജെനസിസ് നേടിയത്. അതിൽ രണ്ട് വർഷങ്ങളിൽ ഇരട്ട അക്ക ലാഭം നേടാനും അവർക്ക് കഴിഞ്ഞു. ജെനസിസ് നിരയിൽ ആറ് പ്രീമിയം മോഡലുകളാണ് ഉൾപ്പെടുന്നത്. G70, G80, G90, ഇലക്ട്രിക് വാഹനങ്ങളായ GV60, G80, GV70 എന്നിവയാണവ. ഇവ പ്രധാനമായും യുഎസ് വിപണിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ആഡംബര വാഹനങ്ങൾക്ക് മാത്രമായി ഇന്ത്യയിൽ സെ​ഗ്മെന്റ് ആരംഭിക്കാനാണ് ഹ്യുണ്ടായി പദ്ധതിയിടുന്നത്. വളർച്ചയ്ക്കും കയറ്റുമതിക്കും ശക്തമായ അവസരമാണ് ഇന്ത്യയിൽ വിപണിയിലെന്ന് ഹ്യുണ്ടായി പ്രസിഡന്റും സിഇഒയുമായ ജോസ് മുനോസ് പറഞ്ഞിരുന്നു. രാജ്യത്ത് ജെനസിസിന്റെ ലോഞ്ച് ഹ്യുണ്ടായിയുടെ നിലവിലുള്ള ശക്തമായ വിപണി വിശ്വാസ്യതയെ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

യൂറോപ്പ്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക എന്നിവയാണ് ജെനസിസിന്റെ മുൻഗണനാ വിപണികളിൽ ഉൾപ്പെടുന്നത്. ഇന്ത്യയിൽ, ആഡംബര കാർ വിപണി ജർമ്മൻ ത്രയങ്ങളായ മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു, ഔഡി എന്നിവയാൽ ആധിപത്യം പുലർത്തുന്നു. ഇന്ത്യയുടെ പ്രീമിയം വാഹന വിപണിയിലേക്ക് ജെനസിസ് കൂടി എത്തുന്നതോടെ മെഴ്‌സിഡീസ്, ബിഎംഡബ്ല്യു, ഔഡി തുടങ്ങിയവയ്ക്ക് കടുത്ത മത്സരം തന്നെ നേരിടേണ്ടി വരും.

ദക്ഷിണ കൊറിയയ്ക്ക് പുറത്തുള്ള കമ്പനിയുടെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ ഉയരും. ഇത് ഹ്യുണ്ടായ് മോട്ടോർ കമ്പനിയുടെ ലോകമെമ്പാടുമുള്ള വിൽപ്പനയിൽ ഏകദേശം 15% സംഭാവന ചെയ്യും. 2030 സാമ്പത്തക വർഷത്തോടെ രാജ്യത്ത് 26 പുതിയ മോഡലുകൾ എത്തിക്കാൻ കമ്പനി പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ജെനസിസിന്റെ വരവ് കൂടെ ഹ്യുണ്ടായി ഔദ്യോ​ഗികമായി പ്രഖ്യാപിക്കുന്നത്. ആറ് ഇലക്ട്രിക് വാഹനങ്ങളും 20 ഇന്റേണൽ കംബസ്റ്റ്യൻ എൻജിൻ വാഹനങ്ങളുമാണ് ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി അവതരിപ്പിക്കുക. കൂടാതെ പൂനെയിലെ തലേഗാവിൽ കമ്പനിയുടെ നിർമാണ പ്ലാന്റ് ഈ സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കാനും പ​ദ്ധതിയിടുന്നുണ്ട്.