കോട്ടയം ∙ പരമ്പരാഗത കലാരൂപമായ നോക്കുവിദ്യാ പാവകളിയെ ലോകശ്രദ്ധയിലേക്ക് നയിച്ച കലാകാരി പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ കോട്ടയം മോനിപ്പള്ളിയിലെ വസതിയിലായിരുന്നു അന്ത്യം. നോക്കുവിദ്യാ പാവകളിയെ ജീവനോടെ നിലനിർത്തിയ അവസാനത്തെ കണ്ണികളിൽ പ്രമുഖയായിരുന്നു പങ്കജാക്ഷി. കലാരംഗത്തെ ഇവരുടെ അതുല്യമായ സംഭാവനകൾ പരിഗണിച്ച് 2020ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
തന്റെ എട്ടാം വയസിൽ മാതാപിതാക്കളിൽ നിന്നാണ് പങ്കജാക്ഷി നോക്കുവിദ്യയുടെ ആദ്യപാഠങ്ങൾ അഭ്യസിച്ചത്. മൂക്കിനും മേൽച്ചുണ്ടിനും ഇടയിൽ മൂന്നടി നീളമുള്ള ഒരു ചെറിയ തണ്ടിൽ മരപ്പാവകളെ നിയന്ത്രിച്ചു നിർത്തി, കൈകൾ ഉപയോഗിക്കാതെ കണ്ണുകളുടെ ചലനവും ഏകാഗ്രതയും കൊണ്ട് മാത്രം അവയെ ചലിപ്പിക്കുന്ന അപൂർവമായ അവതരണ ശൈലിയായിരുന്നു പങ്കജാക്ഷിയുടേത്. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാസന്ദർഭങ്ങൾ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ, പാവകളിയിലൂടെ അവർ ജനങ്ങളിലേക്ക് എത്തിച്ചു. പങ്കജാക്ഷിയുടെ ഭർത്താവ് പരേതനായ ശിവരാമ പണിക്കർ കലാരൂപത്തിന് ആവശ്യമായ പാട്ടുകൾ രചിച്ചും പശ്ചാത്തല പിന്തുണ നൽകിയും സജീവമായി കൂടെയുണ്ടായിരുന്നു.കേരളത്തിലെ ക്ഷേത്രമുറ്റങ്ങളിൽ നിന്നും ഉത്സവപ്പറമ്പുകളിൽ നിന്നും ഈ കലാരൂപത്തെ പാരീസ് ഉൾപ്പെടെയുള്ള രാജ്യാന്തര വേദികളിലേക്ക് ഉയർത്തിയത് പങ്കജാക്ഷിയുടെ കഠിനാധ്വാനമായിരുന്നു. പ്രായാധിക്യവും അസുഖങ്ങളും അലട്ടിയതോടെ കഴിഞ്ഞ കുറച്ചുകാലമായി അവർ വേദികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ, തന്റെ കാലശേഷം ഈ കല ഇല്ലാതായിപ്പോകരുത് എന്ന നിർബന്ധത്താൽ അവർ തന്റെ കൊച്ചുമകളായ കെ.എസ്. രഞ്ജിനിയെ ഇത് പൂർണമായും പഠിപ്പിച്ചു. നിലവിൽ ലോകത്ത് ഈ കലാരൂപം അവതരിപ്പിക്കാൻ അറിയാവുന്ന ഏക വ്യക്തി രഞ്ജിനിയാണ്. സംസ്കാരം പിന്നീട്.







