Headlines

സ്കൂട്ടർ നന്നാക്കാൻ ഷവർമ കത്തി എടുത്തതിനെച്ചൊല്ലി സംഘർഷം; യുവാവിന് ഗുരുതര പരുക്ക്

 

പോത്തൻകോട് ∙ സ്കൂട്ടർ നന്നാക്കാൻ ഷവർമ കത്തി എടുത്തതിനെച്ചൊല്ലി ബേക്കറിയിൽ സംഘർഷം. ആക്രമണത്തിൽ യുവാവിനു ഗുരുതരമായി പരുക്കേറ്റു. പോത്തൻകോട് നന്നാട്ടുകാവിൽ വാടകയ്ക്കു താമസിക്കുന്ന അനീഷിനാണ്(26) തലയ്ക്കു ഗുരുതരമായി പരുക്കേറ്റത്. ഏറ്റുമുട്ടലിനിടെ ബേക്കറി ഉടമ ഷാഹുൽ ഹമീദിനും പരുക്കേറ്റു. ഞായറാഴ്ച രാത്രി 9ന് മേലെമുക്കിലെ ബേക്കറിയിലായിരുന്നു സംഭവം.

 

കടയിലെത്തിയ അനീഷ് തന്റെ സ്കൂട്ടറിലെ തകരാർ പരിഹരിക്കാൻ ബേക്കറിയിൽ ഇരുന്ന കത്തി എടുത്തു. ഇതു ബേക്കറി ഉടമ ഷാഹുൽ ഹമീദ് ചോദ്യം ചെയ്യുകയും അനീഷുമായി സംഘർഷമുണ്ടാകുകയും ചെയ്തതായി പോത്തൻകോട് പൊലീസ് പറഞ്ഞു. പിന്നീട് മടങ്ങിയെത്തിയ അനീഷ്, ഷാഹുൽ ഹമീദിനെ വെല്ലുവിളിക്കുകയും തുടർന്നുണ്ടായ സംഘർഷത്തിൽ ബേക്കറിയിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾ സംഘം ചേർന്നു അനീഷിനെ ആക്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.സംഘർഷം കണ്ട് സമീപത്തെ കടക്കാരും യാത്രക്കാരും എത്തിയെങ്കിലും ആരും അകത്തു കയറിയില്ല. നിലത്തു ചോരവാർന്നു ബോധമില്ലാതെ കിടന്ന അനീഷിനെ പഞ്ചായത്തംഗം സാജൻലാൽ ആണ് ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചത്. സർജറി വിഭാഗത്തിൽ അനീഷിനെ പ്രവേശിപ്പിച്ചു. തലയിൽ 3 തുന്നലുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അനീഷിനെ ആക്രമിച്ചിട്ടില്ലെന്നും കടയിലെ ഷീറ്റ് മറിഞ്ഞുവീണാണ് തലയ്ക്കു പരുക്കേറ്റതെന്നും ബേക്കറിയിലെ തൊഴിലാളികൾ പറഞ്ഞു. ഇന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പോത്തൻകോട് പൊലീസ് അറിയിച്ചു.